Local News

ഖത്തറില്‍ സിനിമാ പ്രമോഷനില്‍ ചരിത്രം കുറിച്ച് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്

ദോഹ : ഖത്തറില്‍ സിനിമാ പ്രമോഷനില്‍ ചരിത്രം കുറിച്ച് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്. ഖത്തര്‍ കണ്ട ഏറ്റവും വലിയ സിനിമാ പ്രമോഷനാണ് കഴിഞ്ഞ ദിവസം അബു സിദ്രാ മാളില്‍ നടന്നത്.

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ടര്‍ബോ സിനിമയുടെ പ്രമോഷന്‍ പരിപാടിയിലേക്ക് ഒഴുകിയെത്തിയത് മുപ്പതിനായിരത്തില്‍ അധികം കാണികള്‍.

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വിതരണം ചെയ്യുന്ന സിനിമകളുടെ പ്രചരണത്തിനായി മമ്മൂട്ടി പലതവണ ഖത്തറില്‍ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു പബ്ലിക്ക് പ്രമോഷനില്‍ മമ്മൂട്ടി എത്തുന്നത്. ഉച്ച മുതല്‍ തന്നെ അബു സിദ്രാ മാളിലേക്ക് ആരാധകരുടെ ഒഴുക്ക് ആരംഭിച്ചു. വൈകിട്ട് 7 മണിക്ക് ജന സാഗരത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് മമ്മൂട്ടി വേദിയിലെത്തി. തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഖത്തര്‍ വിട്ടുപോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നും, സിനിമാ കളക്ഷനില്‍ ഖത്തറിന്റെ സംഭാവനയും വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വിതരണം ചെയ്യുന്ന ഇരുപത്തെട്ടാമത് സിനിമയാണ് ടര്‍ബോ. കൂടാതെ മമ്മൂട്ടി നായകനായ പത്താം സിനിമയാണ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വിതരണം ചെയ്യുന്നത്. ട്രൂത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍ സമദാണ് മമ്മൂട്ടിയെ ഖത്തറില്‍ എത്തിച്ചത്. ടര്‍ബോ സിനിമ ആരാധകര്‍ക്ക് ഒരു ആവേശമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മെയ് 23 ന് ടര്‍ബോ സിനിമ ലോകം മുഴുവന്‍ റിലീസ് ചെയ്യുകയാണ്. ടിക്കെറ്റ് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ഗംഭീര പ്രതികരണമാണ് ആരാധകരില്‍ നിന്നും വരുന്നത്.

മമ്മൂട്ടിക്കൊപ്പം ടര്‍ബോയുടെ തിരക്കഥയൊരുക്കിയ മിഥുന്‍ മാനുവല്‍ തോമസ് , നായിക അഞ്ജന ജയപ്രകാശ് , കന്നട താരം രാജ് ബി ഷെട്ടി തുടങ്ങിയവരും വേദിയിലെത്തിയിരുന്നു. താരങ്ങളുടെ സാന്നിധ്യത്തില്‍ സിനിമയുടെ ട്രൈലര്‍ പ്രദര്‍ശിപ്പിച്ചത് കാണികള്‍ക്ക് ആവേശമായി.

ഖത്തറിലെ മമ്മൂട്ടി ഫാന്‍സിന്റെ സജീവ സഹകരണം പരിപാടിക്ക് കൊഴുപ്പേകി. ലുലു ഗ്രൂപ്പ് ഡയറക്റ്റര്‍ മുഹമ്മദ് അല്‍ത്താഫ് ,ഖത്തര്‍ റീജിയണല്‍ ഡയറക്റ്റര്‍ ഷൈജന്‍ ,ഖത്തര്‍ റീജിയണല്‍ മാനേജര്‍ ഷാനവാസ് പടിയത്ത് , ഫാല്‍ക്കണ്‍ ഫിറ്റ്‌നസ് സെന്റര്‍ മാനേജിംഗ് ഡയറക്റ്റര്‍ സി ആര്‍ സലീം , ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്റ്റര്‍ ഡോ.ഷീല ഫിലിപ്പോസ് , ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് പ്രതിനിധികളായ ആദില്‍, രാഹുല്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ആര്‍ ജെ ജിബിന്‍ , മഞ്ചു മനോജ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍.