Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വാട്ടര്‍ ടാക്സി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഗതാഗത മന്ത്രാലയം


അമാനുല്ല വടക്കാങ്ങര

ദോഹ: ലുസൈല്‍ ഫെറി ടെര്‍മിനലും പേള്‍ ഫെറി സ്റ്റോപ്പും കോര്‍ണിഷ് ഫെറി സ്റ്റോപ്പും അടങ്ങുന്ന വാട്ടര്‍ ടാക്സി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
പഴയ ദോഹ തുറമുഖത്ത് നടന്ന ഖത്തര്‍ ബോട്ട് ഷോയിലാണ് പ്രഖ്യാപനം നടന്നത്. 450-ലധികം സമുദ്ര കമ്പനികളുടെയും വ്യാപാരമുദ്രകളുടെയും പങ്കാളിത്തത്തോടെ നടന്ന ബോട്ട് ഷോയുടെ സ്ട്രാട്ടജിക് പാര്‍ട്ട്ണറാണ് ഗതാഗത മന്ത്രാലയം.

ഷോയിലെ ഗതാഗത മന്ത്രാലയം ബൂത്ത് ലുസൈല്‍ ഫെറി ടെര്‍മിനലിന്റെ ഒരു മോക്ക്അപ്പ് പ്രദര്‍ശിപ്പിച്ചു. പദ്ധതിയുടെ സൗകര്യങ്ങളുടെ ദൃശ്യ അവതരണവും ബൂത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. അത്യാധുനിക പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിട്ടുള്ള ആധുനിക ജലത്തിലൂടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ലഭ്യമാക്കുകയാണ് വാട്ടര്‍ ടാക്‌സി പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ സ്ഥലങ്ങളിലേക്കും പുറത്തേക്കും യാത്രക്കാരെ എത്തിക്കുന്നതിന് മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായുള്ള സംയോജനം വര്‍ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. നൂതന സാങ്കേതികവിദ്യകള്‍, സുസ്ഥിര വികസനം, എന്നിവയില്‍ നിന്ന് പ്രയോജനം നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഖത്തര്‍ മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്ന ഗതാഗത മന്ത്രാലയത്തിന്റെ സുപ്രധാന നടപടിയാണിത്.

പ്രധാന ലുസൈല്‍ ഫെറി ടെര്‍മിനല്‍ 2200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. 24 മീറ്റര്‍ നീളമുള്ള നാല് പോണ്ടൂണുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ടെര്‍മിനലില്‍ വെയിറ്റിംഗ് ഏരിയ, ടിക്കറ്റിംഗ് സൗകര്യം, റീട്ടെയിലിംഗ്, ഓഫീസുകള്‍ തുടങ്ങിയ വിവിധ സേവന സൗകര്യങ്ങളും ഉള്‍പ്പെടുന്നു. പേള്‍, കോര്‍ണിഷിലെ രണ്ട് ഫെറി സ്റ്റോപ്പുകളില്‍ പോണ്ടൂണുകള്‍, ടിക്കറ്റിംഗ് ഓഫീസുകള്‍, കസ്റ്റമര്‍ സര്‍വീസ് ഓഫീസുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഒരു പ്രോജക്ട് ഓപ്പറേറ്ററെയും യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഫെറികളുടെ തരങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രാലയം പറയുന്നു. രണ്ടാം ഘട്ടത്തില്‍ കത്താറ, ഓള്‍ഡ് ദോഹ തുറമുഖം, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ വക്ര തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടും. മൂന്നാം ഘട്ടം പഴയ ദോഹ തുറമുഖത്തെ വടക്കന്‍ ഖത്തറിലെ അല്‍ ഖൂറുമായി ബന്ധിപ്പിക്കുകയും ലുസൈല്‍ സിറ്റി, സിമൈസ്മ എന്നിവയിലൂടെ കടന്നുപോകുകയും ചെയ്യും.

കടത്തുവള്ളങ്ങള്‍ വഴിയുള്ള ആഭ്യന്തര യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഖത്തറിന്റെ ടൂറിസം പ്രൊഫൈലിനെയും ഖത്തര്‍ ടൂറിസത്തിന്റെ പദ്ധതികളെയും ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിന് വാട്ടര്‍ ടാക്‌സി പദ്ധതി സഹായകമാകും.

Related Articles

Back to top button