Local News

നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ നിലവില്‍ വന്നു

ദോഹ: നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ 2025-26 അക്കാദമിക് വര്‍ഷത്തിലെ വിദ്യാര്‍ത്ഥി കൗണ്‍സിലിന്റെ ഔപചാരിക ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌കൂളില്‍ നടക്കാനിരിക്കുന്ന പഠനപരവും പഠനേതരവുമായ വിവിധ പ്രവര്‍ത്തനങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് കൗണ്‍സിലിന്റെ പ്രധാന ലക്ഷ്യം.

സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷിഹാബുദ്ദീന്‍ എം സ്വാഗതം ആശംസിച്ച ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥിയായെത്തിയ ഇബ്രാഹിം ബാബികിര്‍ മുഹമ്മദിന്‍ (ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവ്, മുന്‍ ഖത്തര്‍ ഇന്റര്‍നാഷണല്‍ അത്‌ലറ്റ്, ഹെഡ് കോച്ച് ഓഫ് അല്‍ അഹ് ലി ക്ലബ്) വിദ്യാര്‍ഥി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഡോ.ഷിബു അബ്ദുല്‍ റഷീദ് ആശംസകള്‍ അര്‍പ്പിച്ചു. ‘നാം ആഗ്രഹിക്കുന്ന മാറ്റത്തിന് നേതൃത്വം നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണം. മികച്ച നേതാക്കളാകാന്‍ ആവശ്യമായ മൂല്യങ്ങളും കഴിവുകളും സ്‌കൂള്‍ ജീവിതത്തിലൂടെ വളര്‍ത്തപ്പെടണം’ എന്ന സന്ദേശം അദ്ദേഹം വിദ്യാര്‍ഥികള്‍ക്കായി നല്‍കി.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ ഹെഡ് ബോയ്, ഹെഡ് ഗേള്‍, ഹൗസ് ക്യാപ്റ്റന്‍സ് എന്നിവര്‍ പ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ (അഡ്മിസ്‌ട്രേഷന്‍) റോബിന്‍ കെ ജോസ്, സെക്ഷന്‍ ഹെഡ്‌സ് മുഹമ്മദ് ഹസ്സന്‍ യു, ആഷു ശര്‍മ, അസ്മ റോഷന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.