Local News

ക്വിറ്റ് ഇന്ത്യാ ദിനാചരണം- സ്വാതന്ത്ര്യ സംരക്ഷണ പോരാട്ടം തുടരണം : ഇന്‍കാസ്

ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവസാനത്തെതും ഏറ്റവും അവിസ്മരണീയ ജനകീയ സമരവുമായിരുന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ എണ്‍പത്തി മൂന്നാം വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു.

സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക പോരട്ടങ്ങളുടെ വീര സ്മരണകള്‍ അയവിറക്കിയ ചര്‍ച്ചാ സദസ്സ് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയതു. സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നമ്മുടെ പൂര്‍വ്വീകര്‍ കാണിച്ച അതേ ഇഛാശക്തിയോടെ തന്നെ നമ്മുടെ സ്വാതന്ത്ര്യം നിലനിറുത്താനുള്ള പോരാട്ടവും ജാഗ്രതയും ഓരോ ജനാധിപത്യ വിശ്വാസിയും തുടരേണ്ടതുണ്ടെന്ന് അദ്ധേഹം പറഞ്ഞു.

ഐസിസി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ വിഷയാവതരണം നടത്തി. ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട ആധുനിക ഇന്ത്യ രൂപപ്പെട്ടത് സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രങ്ങളിലൂടെയാണെന്നും. അന്നത്തെ ദേശീയ സമര നായകരുടെ ദീര്‍ഘ വീക്ഷണവും നിശ്ചയദാര്‍ഢ്യവുമായിരുന്നു ഇതിന് പിന്നിലെന്നും അദ്ധേഹം സ്മരിച്ചു. ഇന്ത്യന്‍ ദേശീയ സമരത്തിന്റെ നാള്‍ വഴികളിലൂടെ സഞ്ചരിച്ച വിഷയാവതരണ പ്രസംഗം ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക അധ്യായമാണെന്നും ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ നിലനില്പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും സ്വാതന്ത്രത്തിലേക്കുള്ള വാതില്‍ തുറക്കുകയും ചെയ്‌തെന്നും സൂചിപ്പിച്ചു.

ബഷീര്‍ തുവാരിക്കല്‍ മോഡറേറ്ററായിരുന്നു. കെ.കെ ഉസ്മാന്‍, അബ്രഹാം കെ ജോസഫ്, കെ.വി ബോബന്‍, ഷിബു സുകുമാരന്‍, അശ്‌റഫ് നന്നം മുക്ക്, സി.താജുദ്ധീന്‍, ദീപക് സി.ജി, ശമീര്‍ പുന്നൂരാന്‍ തുടങ്ങിയവര്‍ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ് സ്വാഗതവും ട്രഷറര്‍ വി. എസ് അബ്ദുറഹ്‌മാന് നന്ദിയും പറഞ്ഞു.