Local News

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഇന്ത്യന്‍ സ്വാതന്ത്യദിനം ആഘോഷിച്ചു

ദോഹ. ദോഹയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ 2025 ആഗസ്റ്റ് 15-ന് ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സാഹോദര്യം എന്നീ മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം .സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി
ആക്റ്റിംഗ് പ്രസിഡന്റ് അന്‍വര്‍ ഹുസൈന്‍, പ്രിന്‍സിപ്പല്‍ റഫീഖ് റഹീം എന്നിവര്‍ സ്‌കൂള്‍ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തി .സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ അബ്ദുല്‍ ഹമീദ്, സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിന സന്ദേശം നല്‍കിക്കൊണ്ട് സംസാരിച്ച
പ്രിന്‍സിപ്പല്‍ റഫീക്ക് റഹിം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പ്രധാന പങ്കുവഹിച്ച ധീരദേശാഭിമാനികളുടെ സേവനത്തെ പ്രകീര്‍ത്തിച്ചു. നാനാത്വത്തില്‍ എകത്വം എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് സഹിഷ്ണുതയുള്ളവരാകാനും മാതൃരാജ്യത്തോടുള്ള കടമകള്‍ക്ക് പ്രാമുഖ്യം നല്‍കാനും അദ്ദേഹം ഉപദേശിച്ചു.
കലാ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ അവതരിപ്പിച്ച ദേശഭക്തിഗാനം പ്രേക്ഷകരില്‍ ദേശാഭിമാനം ഉണര്‍ത്തി.
സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത ഏവര്‍ക്കും മധുരം വിതരണം ചെയ്തതോടെ ആഘോഷപരിപാടിയ്ക്ക് പരിസമാപ്തിയായി.