Local News

സംസ്‌കൃതി ഖത്തര്‍ സാഹിത്യോത്സവം സെപ്തംബര്‍ 26 വെള്ളിയാഴ്ച

അമാനുല്ല വടക്കാങ്ങര

ദോഹ : സംസ്‌കൃതി ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം എസ്.എല്‍.എഫ് 2025 സെപ്തംബര്‍ 26, വെള്ളിയാഴ്ച വക്രയിലെ ഡിപിഎസ് എം.ഐ.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രവാസി മലയാളികളുടെ സാഹിത്യാഭിരുചിയെ ഉണര്‍ത്തുവാനുതകുന്ന വിവിധ പരിപാടികളാണ് ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി 10:00 വരെ നടക്കുന്മന സാഹിത്യോത്സവത്തിന്റെ ഭാഗമായി അണിഞ്ഞൊരുങ്ങുന്നതെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സാഹിത്യോത്സവത്തിന്റെ ഭാഗമായി രാവിലെ മുതല്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് പൊതുസമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ നല്‍കും.

രണ്ടു ഭാഗങ്ങളായി നടക്കുന്ന പരിപാടിയില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ഷീല ടോമി, പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്ന സാഹിത്യ സെമിനാറും തുടര്‍ന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എം വി നികേഷ് കുമാര്‍, ഷാനി പ്രഭാകരന്‍, ശരത്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാറും നടക്കും.

ഖത്തര്‍ സംസ്‌കൃതി ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീര്‍, ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, പ്രവാസിക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം. സുധീര്‍, സംസ്‌കൃതി സാഹിത്യവിഭാഗം കണ്‍വീനര്‍ ശ്രീനാഥ് എന്നിവര്‍ സംബന്ധിച്ചു.