Local News

തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ സര്‍ക്കാരിന് നല്‍കിയ ശക്തമായ മുന്നറിയിപ്പ് : പി.പി. സുബൈര്‍

ദോഹ : ത്രിതല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് നേരിടേണ്ടിവന്ന കനത്ത പരാജയം ജനങ്ങള്‍ നല്‍കിയ ശക്തമായ മുന്നറിയിപ്പാണെന്ന് ഐ എം സി സി ഖത്തര്‍ പ്രസിഡന്റ് പി.പി. സുബൈര്‍ അഭിപ്രായപ്പെട്ടു.
തെറ്റ് തിരുത്തി , വീഴ്ചകള്‍ ശരിയാം വണ്ണം പരിഹരിച്ചു മുന്നോട്ട് പോകാന്‍ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടായില്ലെങ്കില്‍ വരാന്‍ പോകുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് അതി ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഉണ്ടാക്കിയ വിജയം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസന പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ നടത്തിയെങ്കിലും , ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ കൃത്യമായി ഇടപെടാന്‍ സര്‍ക്കാറിന് കഴിയാതെപോയി . ആശാവര്‍ക്കര്‍മാര്‍ നടത്തിയ സമരത്തെ വേണ്ടവിധം കൈകാര്യം ചെയ്തില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി വര്‍ഗീയത തുപ്പുന്ന വെള്ളാപ്പള്ളിയെ നിലക്കു നിര്‍ത്തുന്നതിന് പകരം അദ്ദേഹത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമീപനമാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഐഎം സ്വീകരിച്ചത്, ഇത്തരം സമീപനങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തിന് സര്‍ക്കാരിലു ള്ള വിശ്വാസ്യത നഷ്ട്ട പ്പെടുത്തി. പോലീസിലുള്ള പുഴുക്കുത്തുകളെയും , വര്‍ഗീയ വാദികളെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിച്ചവരെ തീവ്രവാദി ചാപ്പക്കുത്താനാണ് സര്‍ ക്കാര്‍ ശ്രമിച്ചത്.
ശബരി മലയില്‍ നടന്ന സ്വര്‍ണ്ണ കൊള്ള വിവാദത്തില്‍ , വിശ്വാസി സമൂഹത്തില്‍ ഉണ്ടാക്കിയ അതൃപ്തിയും പ്രതിഷേധവും വലുതായിരുന്നു. ഇത്തരം വിഷയങ്ങള്‍ നേരെചൊവ്വേ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് കൈകാര്യം ചെയ്യാന്‍ സര്‍ക്കാറിന് കഴിയാതെപോയി.

വര്‍ഗീയതയോട് ഒരു നിലക്കും രാജിയാവരുതെന്ന സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടില്‍
പി എം ശ്രീയില്‍ ഒപ്പ് വെച്ചതോട് കൂടി വെള്ളം ചേര്‍ക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി എം ശ്രീ പദ്ധതിക്ക് എതിരെ ചിന്താ വാരികയില്‍ ലേഖനമെഴുതിയതിന്റെ തലേന്നാളാണ് മുന്നണി ഘടക കക്ഷികളോ ക്യാബിനറ്റോ അറിയാതെ പ്രസ്തുത പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ ഒപ്പു വെച്ചത്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരില്‍ ജനങ്ങള്‍ വെച്ച് പുലര്‍ത്തിയ വിശ്വാസ്യതയിക്ക് കോട്ടം തട്ടാന്‍ കാരണമായി.