Local News

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി വിനോദയാത്ര 2026 സംഘടിപ്പിച്ചു

ദോഹ: തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഈ വര്‍ഷത്തെ വിനോദയാത്ര ഫെബ്രുവരി 6-ന് (വെള്ളിയാഴ്ച) ഷഹാനിയയിലെ അല്‍ ദോസരി പാര്‍ക്കില്‍ സംഘടിപ്പിച്ചു.

രാവിലെ ടാക്ക് ഖത്തറിന് മുന്നില്‍ നിന്ന് മൂന്ന് ബസ്സുകളിലായി അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പുറപ്പെട്ട യാത്ര പാട്ടുകളും തമാശകളും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് പാര്‍ക്കില്‍ സംഘടിപ്പിച്ച വിവിധ കളികള്‍, വിനോദ പരിപാടികള്‍, സമ്മാന വിതരണങ്ങള്‍ എന്നിവയോടെ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ പങ്കെടുത്തവര്‍ സമയം സന്തോഷകരമായി ചെലവഴിച്ചു.

വിനോദയാത്രയുടെ മുഖ്യ കോര്‍ഡിനേറ്ററായി ഡെറിക് ജോണ്‍ പ്രവര്‍ത്തിച്ചപ്പോള്‍, സജാദ്, മഞ്ജുനാഥ് എന്നിവര്‍ മറ്റ് കോര്‍ഡിനേറ്റര്‍മാരായി നേതൃത്വം നല്‍കി. വേദി പ്രസിഡണ്ട് വിഷ്ണു ജയറാം ദേവ് വിനോദയാത്ര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ് ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി പ്രമോദ് മൂന്നിനി സ്വാഗതവും യാത്രാ കോര്‍ഡിനേറ്റര്‍ ഡെറിക് ജോണ്‍ നന്ദിയും പറഞ്ഞു.

യാത്രയുടെ ഭാഗമായി നടന്ന വിവിധ കലാ, വിനോദ, സൗഹൃദ കായിക മത്സരങ്ങള്‍ക്ക് കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റസാഖ്, സ്‌പോര്‍ട്‌സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജാഫര്‍, വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ രേഖ പ്രമോദ്, എക്‌സിക്യൂട്ടീവ് അംഗം രമ്യ സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

ഓര്‍മിക്കാനൊരു ദിനം സമ്മാനിച്ച ഈ വിനോദയാത്ര ഏറെ ആനന്ദകരമായ അനുഭവമായിരുന്നുവെന്നും, വരുംകാലത്തും വേദിയുടെ യാത്രകളില്‍ പങ്കാളികളാകുമെന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടതായി ഭാരവാഹികള്‍ അറിയിച്ചു.