Local News

ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ, വിവിധ പരിപാടികളുമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

ദോഹ. ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ യോടനുബന്ധിച്ച് ഇന്ത്യന്‍ എംബസ്സി അപ്പക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖത്തില്‍ വിവിധ കായിക വിനോദ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ ഏഷ്യന്‍ ടൌണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൌണ്ടില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്.
പുരുഷ-വനിതാ ടീമുകളുടെ വടം വലി, ആം റെസ്ലിംഗ്, കോ-കോ, വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള മ്യൂസിക്കല്‍ ചെയര്‍, സ്‌പോര്‍ട്‌സ് ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമെ ഐ. എസ്. സിയിലെ വിവിധ അഫിലിയേറ്റഡ് സംഘടനകളുടെ നേൃത്വത്തില്‍ സുംബ, കരാട്ടെ, കളരി പയറ്റ്, സിലംബം തുടങ്ങിയ പ്രദര്‍ശനവും ഉണ്ടാവും. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ് സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ആരോഗ്യമുള്ള സമൂഹത്തിന് സ്‌പോര്‍ട്‌സിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയില്‍ പരമാവധി ഇന്ത്യന്‍ സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് ഡേ പരിപാടികളില്‍ എല്ലാ പ്രവാസികളും പങ്കാളികളാകണമെന്നും ഐ.എസ് സി കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഹരീഷ് പാണ്ഡെ, പ്രസിഡണ്ട് ഇ.പി അബ്ദുറഹ്‌മാന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.