IM Special

യുദ്ധങ്ങള്‍ ജയ ഘോഷമല്ല, മനുഷ്യവേദനയുടെ നിശ്ശബ്ദ നിലവിളികളാണ്


ബഷീര്‍ വടകര

മാനവചരിത്രവും മതവും മനുഷ്യരാശിക്ക് പല വഴികളിലൂടെ ഒരേ സത്യം പഠിപ്പിച്ചിട്ടുണ്ട് – യുദ്ധം ഒരിക്കലും യഥാര്‍ത്ഥ വിജയം കൊണ്ടുവരുന്നില്ല. അത് രാഷ്ട്രീയ ,പണാധികാരത്തിന്റെ വിജയഗാഥയായി എഴുതപ്പെട്ടാലും, അതിന്റെ വരികള്‍ക്കിടയില്‍ ഉണങ്ങാതെ കിടക്കുന്നത് രക്തത്തിന്റെ പാടുകളും കണ്ണീരിന്റെ ഉപ്പുമാണ്.

നബി (സ) പഠിപ്പിച്ച യുദ്ധധര്‍മ്മം അതിന്റെ ഏറ്റവും വലിയ തെളിവാണ്. സന്ധിസംഭാഷണത്തിന്റെ അവസാനവും മുട്ടിയാല്‍”നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് നില നില്‍പിന് വേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യാം, എന്നാല്‍ അതിരുവിടരുത്” എന്ന ഖുര്‍ആനിക കല്‍പന യുദ്ധത്തെ ഒരു അധിനിവേശ മാര്‍ഗമായി അല്ല, അനീതിക്കെതിരായ പ്രതിരോധമായി മാത്രമാണ് നിര്‍വചിക്കുന്നത്.

സ്ത്രീകളെയും കുട്ടികളെയും വയോധികരെയും കൊല്ലരുത്, ആരാധനാലയങ്ങളെ നശിപ്പിക്കരുത്, ഫലവൃക്ഷങ്ങള്‍ വെട്ടരുത്, കൃഷിയിടങ്ങള്‍ കത്തിക്കരുത്, തടവുകാരെ അപമാനിക്കരുത് യുദ്ധത്തിനിടയിലും മനുഷ്യത്വത്തിന്റെ അതിരുകള്‍ മറികടക്കരുത് എന്നിവയെല്ലാം മുഹമ്മദ് നബി (സ) പഠിപ്പിച്ച മഹത്തായ നൈതിക പാഠങ്ങളാണ്

യുദ്ധ ദശാസന്ധിക്കൊടുവില്‍ കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവര്‍ത്തിയില്‍ കണ്ടത് ഒരു വിജയരാജാവിന്റെ യുദ്ധവിജയത്തിന്റെ ആഹ്ലാദമല്ലായിരുന്നു; മറിച്ച് മനുഷ്യവേദനയുടെ അതിരില്ലാത്ത സമുദ്രമായിരുന്നു.യുദ്ധഭൂമിയില്‍ വീണുകിടന്ന ശരീരങ്ങള്‍, കരഞ്ഞുകൊണ്ട് അമ്മയെ തേടുന്ന കുഞ്ഞുങ്ങള്‍, ഭര്‍ത്താക്കളെ നഷ്ടപ്പെട്ട സ്ത്രീകളുടെയും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെയും വിലാപങ്ങള്‍, സ്വന്തം നാട് പോലും തിരിച്ചറിയാനാകാതെ അലഞ്ഞുനടന്ന ജനങ്ങള്‍ ആ കാഴ്ചകളാണ് ഒരു സാമ്രാജ്യാധിപന്റെ ഹൃദയം തകര്‍ത്തത്.

അവിടെയാണ് ചണ്ഡാശോകന്‍ ധര്‍മ്മാശോകനായി മാറിയത്.അവിടെ യുദ്ധവിജയത്തിന്റെ മദോന്മത്തനാവാതെ, മനുഷ്യവേദനയുടെ നേര്‍ക്കാഴ്ചയാണ് ആ മാനസാന്തരത്തിന് കാരണമായത്.

ഇന്ന് ലോകം വീണ്ടും അതേ വഴിത്തിരിവില്‍ നില്‍ക്കുന്നു.ഭൂപടങ്ങളില്‍ അതിര്‍ത്തികള്‍ വരയ്ക്കുന്നവര്‍ക്കു യുദ്ധം പലപ്പോഴും ഒരു രാഷ്ട്രീയ നീക്കമാകാം…

പക്ഷേ അതിന്റെ തീയില്‍ കരിഞ്ഞുപോകുന്നത് സാധാരണ മനുഷ്യരാണ് – ഒരു ബോംബ് വീഴുമ്പോള്‍ തകര്‍ന്നുപോകുന്നത് കെട്ടിടങ്ങള്‍ മാത്രമല്ല; ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ഒരു മിസൈല്‍ പൊട്ടിത്തെറിക്കുമ്പോള്‍ അവസാനിക്കുന്നത് ജീവന്‍ മാത്രമല്ല ഒരു കുഞ്ഞിന്റെ നാളെയും ഒരു അമ്മയുടെ പ്രതീക്ഷയും കൂടിയാണ്.

യുദ്ധങ്ങളെ ചിലര്‍ വീര ഭാഷയില്‍ ആഘോഷിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ അത് മനുഷ്യരാശിയുടെ നൈതിക പരാജയത്തിന്റെ പ്രഖ്യാപനമാണ് എന്ന യാഥാര്‍ഥ്യം നാം കാണാതെ പോകരുത്.

യുദ്ധത്തില്‍ ആര് ജയിച്ചാലും കൊട്ടിയാഘോഷിക്കാനാവില്ല -കാരണം യുദ്ധങ്ങള്‍ വിജയത്തിന്റെ ഉത്സവമല്ല മനുഷ്യത്വത്തിന്റെ പരാജയത്തിന്റെ ശവപ്പറമ്പുകളാണ്.

ജയിക്കുന്നവര്‍ക്ക് കിട്ടാം , സാമ്പത്തിക രാഷ്ടീയ നേട്ടങ്ങള്‍ ലഭിക്കാം, തോല്‍ക്കുന്നവര്‍ക്ക് അധികാരവും അവകാശവും നഷ്ടപ്പെടാം, പക്ഷേ ഇരുവശത്തും മരിക്കുന്ന മനുഷ്യ കബന്ധങ്ങളും തകര്‍ന്ന വീടുകളും അനാഥരായ കുഞ്ഞുങ്ങളുടെ കരച്ചിലിന്റെ പ്രതിധ്വനികളും മാത്രമാണ്.

അതുകൊണ്ട് ഇന്ന് ലോകത്തിന് വേണ്ടത് പുതിയ യുദ്ധങ്ങളല്ല; പുതിയ ബോധ്യങ്ങളാണ് ,നബി (സ) പഠിപ്പിച്ച കരുണയും അശോകന്‍ തിരിച്ചറിഞ്ഞ യുദ്ധവേദനയും മനുഷ്യരാശിയുടെ പൊതുപാഠമാകട്ടെ. കാരണം ഏത് യുദ്ധത്തിലും അവശേഷിക്കുന്നത് നഷ്ടവും വേദനയും മാത്രമാണ് ‘

യുദ്ധങ്ങള്‍ ഒരിക്കലും ആഘോഷിക്കപ്പെടേണ്ടതല്ല; അവ മനുഷ്യരാശിക്ക് ദശാസന്ധികളില്‍ സംഭവിക്കുന്ന തെറ്റുകള്‍ മാത്രമാണ് . വീണ്ടും ആവര്‍ത്തിക്കരുതാത്ത ഏറ്റവും വലിയ പാപങ്ങളായി ഓര്‍മ്മിക്കപ്പെടേണ്ടത് മാത്രമാണ്!

അതെ ‘
ചരിത്രത്തില്‍ യുദ്ധം ജയിച്ചവരാരും ആ കാരണം കൊണ്ട് ഭൂമിയില്‍ ബാക്കിയിട്ടില്ല പക്ഷെ അവര്‍ പോയിട്ടും വരുത്തിയ ദുരിതം പേറി ഈ ഭൂമി ഇപ്പോഴും ബാക്കിയാണ് എന്നതാണ് മിച്ചം