Breaking News

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ മദര്‍ തെരേസ കര്‍മ്മ പുരസ്‌കാരം: ഖത്തറിലെ യുണീഖ് ഭാരവാഹികള്‍ക്ക്


അമാനുല്ല വടക്കാങ്ങര

നഴ്‌സിംഗ് തൊഴിലിനൊപ്പം സാമൂഹിക-കാരുണ്യ പ്രവര്‍ത്തനങ്ങളിലും മികച്ച സംഭാവനകള്‍ നല്‍കിയ പ്രവാസി നഴ്‌സുമാര്‍ക്കായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ 2026-ലെ ‘മദര്‍ തെരേസ കര്‍മ്മ പുരസ്‌കാരം’ ഖത്തറിലെ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക്. ഖത്തറിലെ പ്രമുഖ നഴ്‌സിംഗ് സംഘടനയായ യുണീഖിന്റെ ഭാരവാഹികളും സാമൂഹിക പ്രവര്‍ത്തകരുമായ ബിന്ദു ലിന്‍സണ്‍, മിനി സിബി, സ്മിത ദീപു എന്നിവരാണ് ഈ വര്‍ഷത്തെ അഭിമാന നേട്ടത്തിന് അര്‍ഹരായത്.

തങ്ങളുടെ ഔദ്യോഗിക ജോലി സമയത്തിന് ശേഷമുള്ള ഒഴിവുസമയങ്ങള്‍ പൂര്‍ണ്ണമായും സാമൂഹിക സേവനത്തിനായി മാറ്റിവെച്ചാണ് ഇവര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്. യുണീക്കിന്റെ നിലവിലെ പ്രസിഡന്റായ ബിന്ദു ലി ഹന്‍സണ്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഡെന്റിസ്ട്രി വിഭാഗം ഹെഡ് ആയി സേവനമനുഷ്ഠിക്കുന്നു. യുണീഖിന്റെ മുന്‍ പ്രസിഡന്റും ഖത്തര്‍ എംബസി അപെക്‌സ് ബോഡിയായ ഐസിബിഎഫ് എം.സി അംഗവുമായ മിനി സിബി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. യുണീഖിന്റെ രൂപീകരണ ദിവസം മുതല്‍ ഇന്നുവരെ സംഘടനയുടെ വിവിധ നേതൃപദവികള്‍ വഹിച്ചിട്ടുള്ള സ്മിത ദീപു, നിലവില്‍ യുണീഖിന്റെ മെമ്പര്‍ഷിപ്പ് വിങ് ലീഡാണ്, ഒപ്പം എച്ച്.എം.സിയുടെ ഡബ്ല്യു.ഡബ്ല്യു.ആര്‍.സി പേഷ്യന്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി ചെയ്യുന്നത്.

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ജി.എം.എഫ് പ്രഖ്യാപിച്ച ഈ പുരസ്‌കാരത്തിനായി ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം നഴ്‌സുമാരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാണ് വിദഗ്ധ സമിതി പരിശോധിച്ചത്. ഇതില്‍ നിന്നും നഴ്‌സിംഗ് മേഖലയിലെ പ്രൊഫഷണല്‍ മികവും അതോടൊപ്പം പ്രവാസ ലോകത്തെ കാരുണ്യ-സന്നദ്ധ സേവനങ്ങളും മുന്‍നിര്‍ത്തിയാണ് ഖത്തറില്‍ നിന്ന് ഇവരെ തിരഞ്ഞെടുത്തത്. പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും രോഗീ പരിചരണത്തിലും, നഴ്‌സിംഗ് കൂട്ടായ്മകളുടെ നേതൃത്വത്തിലും, പ്രവാസി മലയാളി സമൂഹത്തിനായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇവര്‍ നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം