മൂല്യവ്യവസ്ഥയുടെ അഭാവം സമൂഹം നേരിടുന്ന വെല്ലുവിളി: പി. മുജീബ് റഹ്‌മാന്‍

ദോഹ: സാമൂഹികജീവിതത്തില്‍ മൂല്യങ്ങളുടെ അഭാവമാണ് നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷന്‍ പി. മുജീബ് റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വഖഫ് നിയമഭേദഗതി, ഏകീകൃത സിവില്‍ കോഡ്, എന്‍.ആര്‍.സി തുടങ്ങിയ വിഷയങ്ങളില്‍ ഉയരുന്ന ആശങ്കകള്‍ പരാമര്‍ശിച്ച അദ്ദേഹം, ജനാധിപത്യ സ്ഥാപനങ്ങളും മാധ്യമങ്ങളും ഭരണഘടനാ മൂല്യങ്ങളും കൂടുതല്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. സാമൂഹിക നീതി, ധാര്‍മികത, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമാകുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ അര്‍ഥവത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമൂഹത്തിന്റെ സുരക്ഷയും ശാക്തീകരണവും പ്രധാനമാണെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം എല്ലാ സമൂഹങ്ങള്‍ക്കും വേണ്ടിയുള്ളതാണ് . വ്യക്തിജീവിതം മുതല്‍ സാമൂഹിക ജീവിതം വരെ മൂല്യാധിഷ്ഠിതമായ മാറ്റമാണ് ഇസ്ലാമിക പ്രസ്ഥാനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നു സംസാരിച്ച ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ, സാമൂഹിക, നിയമ മേഖലകളില്‍ നടക്കുന്ന ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിവിധ സംഘടനകള്‍ക്കിടയിലെ ഏകോപനം, സാമൂഹിക സൗഹാര്‍ദത്തിനായുള്ള കൂട്ടായ്മകള്‍, പൗരാവകാശ സംരക്ഷണത്തിനുള്ള നിയമ ഇടപെടലുകള്‍, വിഷന്‍ 2026 ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയും അദ്ദേഹം പരിചയപ്പെടുത്തി.
വിശ്വാസത്തിന്റെ കരുത്തിലൂടെ ജീവിതത്തിലെ പ്രയാസങ്ങളെ അതിജീവിക്കാനും സ്വന്തം പ്രവര്‍ത്തനങ്ങളെ നിരന്തരം വിലയിരുത്താനും കഴിയണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മുന്‍ അധ്യക്ഷന്‍ സി.ടി. സുഹൈബ് പറഞ്ഞു.
സി.ഐ.സി പ്രസിഡന്റ് ആര്‍.എസ്. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. കെ.ടി. മുബാറക് ഖുര്‍ആന്‍ ക്ലാസ് നടത്തി. സി.ഐ.സി ജനറല്‍ സെക്രട്ടറി അര്‍ഷദ് ഇ , വിമന്‍ ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചര്‍, യൂത്ത് ഫോറം പ്രസിഡന്റ് അസ്ലം തൗഫീഖ് ,നൗഫല്‍ പാലേരി, സിദ്ധീഖ് പി.കെ എന്നിവര്‍ സംസാരിച്ചു.
‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കര്‍മസാക്ഷ്യം’ എന്ന തലക്കെട്ടില്‍ സി.ഐ.സി സംഘടിപ്പിക്കുന്ന രണ്ട് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി തനിമ തയ്യാറാക്കിയ തീം ഗാനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ പ്രകാശനം ചെയ്തു. പ്രബോധനം കാമ്പയിനില്‍ മികച്ച പങ്കാളിത്തം കാഴ്ചവെക്കുകയും ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ക്കുകയും ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
