IM Special

ശ്വേതയുടെ മരണം ഓര്‍മപ്പെടുത്തുന്നത്


മഷ്ഹൂദ് വിസി

ശ്വേത രഘുരാമന്‍ എന്ന പ്രിയപ്പെട്ട സഹോദരി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് അടയാളപ്പെടുത്തലുകള്‍ ബാക്കിവെച്ചാണ് അവള്‍ യാത്രയായത്.

സമര്‍പ്പണ മനസ്സോടെ പൊതുപ്രവര്‍ത്തന രംഗത്തും, ടോസ്റ്റ്മാസ്റ്റേഴ്‌സ് വേദിയിലും, വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ശ്വേതയും കുടുംബവും സമൂഹത്തിനായി നിരവധി സേവനങ്ങള്‍ ചെയ്തവരായിരുന്നു. പ്രവാസി ഭാരതീയ ദിനാഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കാനും, ഏതൊരു പൊതുപ്രവര്‍ത്തനത്തിനും വിളിച്ചാല്‍ സന്നദ്ധമായി എത്താനും അവര്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു. വ്യക്തിപരമായും ആ കുടുംബത്തോടൊപ്പം നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ചെന്നൈയുടെ മണ്ണില്‍ ശാന്തമായി അന്ത്യവിശ്രമം കൊള്ളുമ്പോള്‍, പ്രിയപ്പെട്ടവരും സുഹൃത്തുക്കളും പ്രാര്‍ത്ഥനകളോടെ അവളെ യാത്രയാക്കി.

കഴിഞ്ഞ ദിവസം നിര്‍മ്മലയും രഘുരാമനും സ്വപ്നയും സൂര്യയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവരെ കാണാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല.

ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും മറ്റൊരാളുടെ സഹായത്തോടെ മാത്രം നടക്കാന്‍ കഴിയുന്ന സ്വപ്ന വിതുമ്പലോടെ പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ തറച്ചുനിന്നു:

”മഷൂദിക്കാ… എനിക്ക് താങ്ങായിരുന്ന എന്റെ പ്രിയപ്പെട്ട ചേച്ചി ഇനിയില്ല… അവള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു… ചുരുങ്ങിയ കാലം കൊണ്ട്…’

എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക?

ഏറെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ എയര്‍പോര്‍ട്ടിലേക്ക് യാത്രയാകുമ്പോഴും വേര്‍പാടിന്റെ വേദന കടിച്ചമര്‍ത്തി വാക്കുകള്‍ കിട്ടാതെ വിങ്ങിപ്പൊട്ടിയ നിര്‍മ്മലയെയും ഭര്‍ത്താവ് രഘുരാമനെയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ പോരായിരുന്നു.

ഈ കുടുംബത്തിന്റെ ഈ വലിയ വേദന താങ്ങാനുള്ള കരുത്തും ക്ഷമയും സര്‍വ്വേശ്വരന്‍ നല്‍കട്ടെ. ശ്വേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ഈ വിയോഗം നമ്മോട് പറയുന്ന മറ്റൊരു വലിയ കാര്യം…

ചെറുപ്പക്കാരിയായ ഒരാളുടെ അപ്രതീക്ഷിത വിയോഗം എന്ന നിലയില്‍ മാത്രമല്ല, ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികളുടെ സുരക്ഷയെക്കുറിച്ചുള്ള ഒരു ഗൗരവമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സംഭവം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളും സഹോദരിയും ഖത്തറിലെ ജോലി അവസാനിപ്പിച്ച് ചെന്നൈയിലേക്ക് പോയതിനെ തുടര്‍ന്ന് ശ്വേത ഇവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ നാട്ടിലുള്ളവരും ഇവിടെയുള്ള സുഹൃത്തുക്കളും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ലഭിച്ചില്ല. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് അവരെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലഭിച്ച വിവരമനുസരിച്ച് ഹൃദയാഘാതമായിരിക്കാമെന്നാണ് മനസ്സിലാക്കുന്നത്.

ഇത്തരം സാഹചര്യങ്ങള്‍ നമ്മളെ ഒരു കാര്യം ചിന്തിപ്പിക്കണം.

ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികള്‍ സ്ത്രീകളായാലും പുരുഷന്മാരായാലും കഴിയുന്നതും ഒറ്റപ്പെടാതെ ജീവിക്കാനുള്ള ഒരു ചെറിയ സുരക്ഷാ ശൃംഖല നമുക്ക് ഉണ്ടാക്കാം.

അത് വലിയ സംവിധാനമൊന്നും ആവണമെന്നില്ല.

അടുത്ത സുഹൃത്തുമായി ദിവസവും ഒരു ഫോണ്‍ കോള്‍
കുടുംബാംഗങ്ങളുമായി സ്ഥിരമായ ബന്ധം
അയല്‍വാസികളുമായി സൗഹൃദം
ഓഫീസിലെ സഹപ്രവര്‍ത്തകരുമായി ഒരു ചെറിയ രവലരസശി
*അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന ഒരാളെങ്കിലും സമീപത്തുണ്ടാകുക

പ്രത്യേകിച്ച് വെള്ളിയാഴ്ച പോലുള്ള അവധി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നുള്ള സ്വാഭാവികമായ ഫോളോ അപ്പ് പോലും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഓരോരുത്തര്‍ക്കും സ്വന്തമായി ഒരു ചെറിയ കണക്ടിവിറ്റി നെറ്റ് വര്‍ക് ‘ ഉണ്ടാകുന്നത് നല്ലതാണ്.

അടുത്ത വീട്ടിലുള്ള ഒരാളെ കാണുമ്പോള്‍ ഒരു ”ഹായ്” പറയുന്ന ശീലം പോലും ചിലപ്പോള്‍ വലിയൊരു സുരക്ഷാ വലയമായി മാറിയേക്കാം.

മുമ്പും ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു സുഹൃത്ത് സമാനമായ രീതിയില്‍ മരണപ്പെട്ടതിന് ശേഷം ഏറെ സമയം കഴിഞ്ഞാണ് വിവരം മറ്റുള്ളവര്‍ അറിഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളുണ്ട്.

ശ്വേതയുടെ വിയോഗം അതിനുള്ള ഒരു വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്.

വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ഈ പ്രയാസകരമായ ഘട്ടം അതിജീവിക്കാന്‍ കുടുംബത്തിന് സര്‍വ്വേശ്വരന്‍ കരുത്തും ക്ഷമയും നല്‍കട്ടെ.

ശ്വേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.