എം.എസ്.വി.എഫ് അവാര്‍ഡ്:മികച്ച ഗാനരചനയ്ക്കുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം ഖത്തര്‍ പ്രവാസി ഷംല ജഹ്ഫറിന്

അമാനുല്ല വടക്കാങ്ങര
മലബാര്‍ സൗഹൃദവേദി കോഴിക്കോട് സംഘടിപ്പിച്ച എട്ടാമത് അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി & മ്യൂസിക് ആല്‍ബം ഫെസ്റ്റിവല്‍ 2026 ലെ മികച്ച ഗാനരചനയ്ക്കുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് ഖത്തര്‍ പ്രവാസി ഷംല ജഹ്ഫര്‍ അര്‍ഹയായി. ‘ഊര്‍മി’ എന്ന മ്യൂസിക് ആല്‍ബത്തിലെ മനോഹരമായ വരികളാണ് ഷംലയെ മ്യൂസിക് ആല്‍ബം ജനറല്‍ വിഭാഗത്തില്‍ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്. ഗാനരചനയിലെ സവിശേഷമായ കലാമൂല്യവും വരികളുടെ ആഴവും പരിഗണിച്ചാണ് ജൂറി ഈ പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചത്.
ദോഹയിലെ സാംസ്കാരിക-സാഹിത്യ മേഖലകളില്‍ സജീവ സാന്നിധ്യമായ ഷംല ജഹ്ഫര്‍, ‘കടന്നലുകള്‍ പെരുകും വിധം’ എന്ന കവിതാസമാഹാരത്തിലൂടെയും നിരവധി ശ്രദ്ധേയമായ രചനകളിലൂടെയും മലയാള സാഹിത്യ രംഗത്ത് ശ്രദ്ധേയയാണ്.
ഷഹീബ് ഷെബി ഈണം കൊടുത്ത്, പ്രശസ്ത പിന്നണി ഗായകന് സുദീപ് കുമാര്‍ ആലപിച്ച ‘ഊര്‍മി’ എന്ന ആല്‍ബത്തിലെ ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിരവധി പ്രമുഖ മാധ്യമങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ഷംലയുടെ രചനകള്‍ വായനക്കാരുടെ പ്രശംസ നേടുകയും സാഹിത്യരംഗത്തെ അംഗീകാരങ്ങളിലൂടെ ഇതിനോടകം അടയാളപ്പെടുകയും ചെയ്തിട്ടുണ്ട്.
കലാരംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി മലബാര്‍ സൗഹൃദവേദി വര്‍ഷംതോറും നടത്തിവരാറുള്ള അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ ലഭിച്ച ഈ പുരസ്കാരം തന്റെ സര്‍ഗ്ഗാത്മക യാത്രയില്‍ വലിയ പ്രചോദനമാണെന്ന് ഷംല ജഹ്ഫര്‍ പ്രതികരിച്ചു.