Local NewsUncategorized

നടുമുറ്റത്തിന് പത്ത് വയസ്സ്: വാര്‍ഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു

ഖത്തര്‍ മലയാളി വനിതാ കൂട്ടായ്മയായ നടുമുറ്റം ഖത്തര്‍ പ്രവര്‍ത്തനത്തിന്റെ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. പ്രവാസി സമൂഹത്തില്‍ വനിതകളുടെ കൂട്ടായ്മയും സൗഹൃദവും ശാക്തീകരണവും ലക്ഷ്യമാക്കി ആരംഭിച്ച സംഘടന, കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിവിധ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറി. സ്ത്രീകളുടെ കഴിവുകളും നേതൃത്വ ശേഷിയും വളര്‍ത്തുന്നതോടൊപ്പം കുടുംബ-സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംഘടന വലിയ പങ്കുവഹിച്ചിട്ടുണ്ട്. പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഈ ഘട്ടത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ”ശക്തിയുടെയും ശാലീനതയുടെയും സ്ത്രീത്വത്തിന്റെയും ഒരു ദശാബ്ദം” എന്ന സന്ദേശത്തോടെയാണ് വാര്‍ഷിക ലോഗോ പുറത്തിറക്കിയത്.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷാഫി ലോഗോ പ്രകാശനം നിര്‍വഹിച്ചു. വനിതാ ശാക്തീകരണത്തിനും സാമൂഹിക ഇടപെടലുകള്‍ക്കും പ്രാധാന്യം നല്‍കി ഒരു ദശാബ്ദക്കാലമായി നടുമുറ്റം ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രതീകമായാണ് വാര്‍ഷിക ലോഗോ പുറത്തിറക്കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. നടുമുറ്റം പ്രസിഡന്റ് സന നസീം, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് ലത കൃഷ്ണ, ജനറല്‍ സെക്രട്ടറി നജ്ല നജീബ്, നടുമുറ്റം ജനറല്‍ സെക്രട്ടറി ഫാത്തിമ തസ്‌നീം, വൈസ് പ്രസിഡന്റ് സജ്ന സാക്കി എന്നിവര്‍ സംബന്ധിച്ചു.

നടുമുറ്റം സെക്രട്ടറിമാരായ ജുമാന, രജിഷ പ്രദീപ്, കണ്‍വീനര്‍മാരായ അഹ്‌സന കരിയാടന്‍, ജോളി തോമസ്, ജമീല മമ്മു എന്നിവര്‍ നേതൃത്വം നല്‍കി