ജിമ്മില്‍ പോകുന്നത് കൊണ്ട് മാത്രം ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാവില്ല: ഡോ. അബ്രഹാം പെരുമാള്‍ ഫിലിപ്പ്

അമാനുല്ല വടക്കാങ്ങര
ദോഹ: ബോഡി ബില്‍ഡിംഗും മസില് ബില്‍ഡിംഗും ആരോഗ്യത്തിനും ശരീരസൗന്ദര്യത്തിനും ഗുണകരമാണെങ്കിലും, ആഴ്ചയില്‍ മൂന്നോ നാലോ തവണ ജിമ്മില്‍ പോകുന്നതുകൊണ്ട് മാത്രം സമഗ്രമായ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാവില്ലെന്ന് യുവ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. അബ്രഹാം പെരുമാള്‍ ഫിലിപ്പ് പറഞ്ഞു. ആധുനിക ഇന്ത്യന്‍ ഹൃദയ ശസ്ത്രക്രിയയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഡോ. കെ. എം. ചെറിയാന്റെ കീഴില്‍ നൂറുകണക്കിന് ശസ്ത്രക്രിയകളില്‍ പങ്കാളിയായിട്ടുള്ള ഡോ. അബ്രഹാം പെരുമാള്‍ ഫിലിപ്പ് ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
ജിമ്മിലെ വ്യായാമങ്ങള്‍ ആരോഗ്യകരമായ ശരീരത്തിന് സഹായകമാണെങ്കിലും, ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഓട്ടം, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ പൊതുവായ ആരോഗ്യസംരക്ഷണത്തിന് കൂടുതല്‍ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശരീരസൗന്ദര്യത്തിനൊപ്പം ഹൃദയാരോഗ്യം ഉള്‍പ്പെടെയുള്ള സമഗ്ര ആരോഗ്യത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൃദ്രോഗങ്ങള്‍ അപകടകരമായ രീതിയില്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ഡോ. അബ്രഹാം പറഞ്ഞു. തെറ്റായ ഭക്ഷണശീലങ്ങളും അനാരോഗ്യകരമായ ജീവിതശൈലിയും ഹൃദ്രോഗങ്ങളുടെ വര്‍ധനവിന് പ്രധാന കാരണങ്ങളാണ്. അമിതമായ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങള്‍, ക്രമരഹിതമായ ഭക്ഷണരീതി, ശാരീരിക അധ്വാനത്തിന്റെ കുറവ്, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് സമീകൃതാഹാരം ശീലമാക്കുകയും കഴിയുന്നത്ര പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുകയും ദിവസവും കുറച്ചുസമയമെങ്കിലും ശാരീരിക വ്യായാമത്തിനായി മാറ്റിവെക്കുകയും വേണം. പുകവലിയും മദ്യപാനവും നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമായ ശേഷം ചികിത്സ തേടുന്നതിനേക്കാള്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ പല ജീവിതശൈലീ രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച്, കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് നല്ല ശീലമാണ്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതുവരെ കാത്തിരിക്കാതെ ആരോഗ്യനില മുന്‍കൂട്ടി വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങള്‍ ജീവിതശൈലിയില്‍ വരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ആരോഗ്യം എന്നത് ജിമ്മിലെ വ്യായാമത്തിലോ ശരീരസൗന്ദര്യത്തിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും ശരിയായ ഭക്ഷണം, ചിട്ടയായ വ്യായാമം, നല്ല ജീവിതശൈലി, മാനസികാരോഗ്യം, കൃത്യമായ ആരോഗ്യ പരിശോധനകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് സമഗ്രമായ ആരോഗ്യസംരക്ഷണമെന്നും ഡോ. അബ്രഹാം പെരുമാള്‍ ഫിലിപ്പ് പറഞ്ഞു.
