Breaking News

വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു; മതപരവും ധാര്‍മ്മികവും മാനുഷികവുമായ തത്വങ്ങളുടെ ലംഘനമാണിതെന്ന് ഖത്തര്‍ വിശേഷിപ്പിച്ചു.
വിശുദ്ധ നഗരത്തിന്റെയും ഇസ്ലാമിലെ ഏറ്റവും പവിത്രമായ പള്ളിയായ മസ്ജിദുല്‍ ഹറാമിന്റെയും പരിശുദ്ധിയെ ഭീഷണിപ്പെടുത്തുന്ന ഏത് നീക്കത്തെയും ദോഹ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ ആക്രമണം ലജ്ജാകരമായ ഒരു കടന്നുകയറ്റമാണെന്നും, ലോകമെമ്പാടുമുള്ള നൂറുകോടിയിലധികം വരുന്ന മുസ്ലീങ്ങളുടെ വികാരങ്ങളെ പരസ്യമായി വ്രണപ്പെടുത്തുന്ന നടപടിയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വിശുദ്ധ സ്ഥലങ്ങളുടെ പരിശുദ്ധിയും സുരക്ഷയും, അവിടെയെത്തുന്നവരുടെ സുരക്ഷിതത്വവും സംഘര്‍ഷങ്ങളില്‍ ലക്ഷ്യമിടുകയോ ഭീഷണിപ്പെടുത്തുകയോ അതിനായി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് പ്രസ്താവന ഊന്നിപ്പറഞ്ഞു.