IM Special

ആഡംബരം


സുധ ബാബു, കടേക്കച്ചാലില്‍


”മോന്റെ പെണ്ണുകാണലിന് ഇത്രയൊക്കെ ആഡംബരമോ?”ഖത്തറില്‍ ഇരുന്ന് ഒരുക്കങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ പലരും എന്നോട് ചോദിച്ചേക്കാവുന്ന ചോദ്യം ഇതായിരിക്കും.
അതെ… വേണം എന്ന് എന്റെ മനസ്സ് പറഞ്ഞു. അതുകൊണ്ട് ചെയ്തു.
എനിക്ക് ആഡംബരത്തോട് ഇഷ്ടമാണ്. പക്ഷേ, വെറുതെ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി കടം വാങ്ങി നടത്തുന്ന ആഡംബരത്തോടല്ല.


അധ്വാനിച്ച് സമ്പാദിച്ച പണം കൊണ്ട് സന്തോഷിക്കുമ്പോള്‍, ആ സന്തോഷത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും മറ്റൊരാളുടെ ജീവിതത്തിന് ഉപകാരപ്പെടുന്നുണ്ടെങ്കില്‍… അത്തരം ആഡംബരങ്ങളോട് എനിക്ക് ഒരുപാട് ഇഷ്ടമാണ്.
മോന്റെ പെണ്ണുകാണലിനാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഞാന്‍ ഖത്തറില്‍ നിന്ന് ആളെ പറഞ്ഞയച്ചു.
അങ്ങനെയാണ് പേരാമ്പ്രയിലെ കന്നിയമ്മയുടെ അടുത്തുനിന്ന് ആ രണ്ട് കൊട്ടകള്‍ വാങ്ങിയത്.
രണ്ടിനും കൂടി വില ആയിരം രൂപ.’1200 രൂപ കൊടുത്തോളൂ,” ഞാന്‍ പറഞ്ഞു.എന്തിനാണ് അധികം കൊടുക്കുന്നത്?” എന്ന ചോദ്യത്തിന് എന്റെ മറുപടി വളരെ ലളിതമായിരുന്നു:
അത് കന്നിയമ്മയുടെ അധ്വാനത്തിനുള്ളതാണ്.”

കന്നിയമ്മ ഒരു വിധവയാണ്. 25 വയസ്സുള്ള, രണ്ടു വൃക്കകളും തകരാറിലായ മകനുണ്ട്. കൊട്ടകള്‍ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ആ അമ്മ പലപ്പോഴും വീട്ടിലേക്ക് കഞ്ഞിക്കുള്ള അരി വാങ്ങുന്നത്.
എനിക്ക് ആ ഇരുന്നൂറ് രൂപ അധികമല്ല.
കാരണം, ആ കൊട്ട എന്റെ വീട്ടിലെത്തുമ്പോള്‍ അതിനൊപ്പം ഒരു അമ്മയുടെ ഒരു ദിവസത്തെ അന്നവും എന്റെ മനസ്സിലേക്ക് എത്തുന്നു.
ആ കൊട്ടകള്‍ മനോഹരമായി അലങ്കരിച്ച് ഒരുക്കിയത് എന്റെ പഴയ കൂട്ടുകാരിയുടെ മകളാണ്.അവളുടെ ജീവിതത്തിനും പറയാന്‍ ഒരു കഥയുണ്ട്.

ജീവിതത്തിലെ ഏതോ ദുര്‍ബലമായ ഒരു നിമിഷത്തില്‍ ഇഷ്ടപ്പെട്ട ഒരാളുടെ കൈപിടിച്ച് അവള്‍ ജീവിതത്തിലേക്ക് ഇറങ്ങി. ഒരു കുഞ്ഞുമകന്‍ പിറന്നു.പക്ഷേ, ആ കുഞ്ഞിന് ആറുമാസം പോലും തികയുന്നതിന് മുമ്പ് ഒരു ബൈക്ക് അപകടത്തില്‍ അവന്റെ അച്ഛന്‍ ഈ ലോകത്തോട് വിടപറഞ്ഞു.
ഒറ്റ നിമിഷം കൊണ്ട് അവളുടെ ചുമലിലേക്ക് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വന്നു വീണു.
ആറുമാസം പോലും തികയാത്ത കുഞ്ഞ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സ്വന്തം ജീവിതം…
പക്ഷേ അവള്‍ തോറ്റില്ല.
പാതിവഴിയില്‍ മുടങ്ങിയ ടീച്ചിങ് കോഴ്‌സ് അവള്‍ വീണ്ടും പഠിക്കാന്‍ തുടങ്ങി. അതോടൊപ്പം ഇത്തരം ചെറിയ ചെറിയ ജോലികളും ഏറ്റെടുത്തു.
ഇന്ന് അവള്‍ സ്വന്തം കാലില്‍ നില്‍ക്കുകയാണ്.
അവള്‍ ഒരുക്കിയ ആ കൊട്ടകളും അലങ്കാരങ്ങളും എന്റെ മക്കളുടെ കൈകളില്‍ സര്‍പ്രൈസായി എത്തുമ്പോള്‍, അവരുടെ കണ്ണുകളില്‍ മിന്നിമറയുന്ന സന്തോഷം എനിക്ക് ഇവിടെ ഖത്തറില്‍ ഇരുന്നുകൊണ്ടുതന്നെ കാണാന്‍ കഴിയുന്നുണ്ട്.

പക്ഷേ, ആ സന്തോഷത്തിന് പിന്നില്‍ അവര്‍ അറിയാത്ത ചില കഥകളുണ്ട്.

അവരുടെ കൈകളിലെ കൊട്ടയില്‍ കന്നിയമ്മയുടെ അധ്വാനമുണ്ട്.അതില്‍ ഒരു വീട്ടിലെ അന്നമുണ്ട്.
അവര്‍ക്കായി ഒരുക്കിയ അലങ്കാരങ്ങളില്‍ സ്വന്തം ജീവിതത്തോട് പൊരുതി നില്‍ക്കുന്ന ഒരു യുവതിയുടെ അധ്വാനമുണ്ട്.
അതില്‍ അവളുടെ കുഞ്ഞിന്റെ ചെറിയ സ്വപ്നങ്ങളുമുണ്ട്.അപ്പോഴാണ് ഞാന്‍ ചിന്തിക്കുന്നത്…

ആഡംബരം എന്നത് നമ്മള്‍ മറ്റുള്ളവരെ കാണിക്കാന്‍ ചെലവഴിക്കുന്ന പണം മാത്രമാണോ?നമ്മുടെ സന്തോഷത്തിനൊപ്പം മറ്റൊരാളുടെ അടുപ്പില്‍ തീ കത്തുന്നുണ്ടെങ്കില്‍…നമ്മുടെ ആഘോഷത്തിനൊപ്പം മറ്റൊരാളുടെ വീട്ടില്‍ അന്നമെത്തുന്നുണ്ടെങ്കില്‍., നമ്മുടെ ഒരു ചെറിയ ചെലവുകൊണ്ട് മറ്റൊരാള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍…
അത് ആഡംബരമല്ലേ. അത്തരം ആഡംബരങ്ങള്‍ എനിക്ക് ഇഷ്ടമാണ്.

കടം വാങ്ങി ആഡംബരം കാണിക്കാന്‍ എനിക്ക് ഇഷ്ടമില്ല.പക്ഷേ, അധ്വാനിച്ച് സമ്പാദിച്ച പണത്തിന്റെ ഒരു ചെറിയ ഭാഗം കൊണ്ട് മറ്റൊരാളുടെ ജീവിതത്തില്‍ ഒരു ചെറിയ സന്തോഷമെങ്കിലും സൃഷ്ടിക്കാന്‍ കഴിയുന്ന ആഡംബരം…
അതെ, എനിക്ക് അതിനോട് ഒരുപാട് ഇഷ്ടമാണ്.കാരണംചില ആഡംബരങ്ങള്‍ വെറും കാഴ്ചകളല്ല…അവ ചില മനുഷ്യരുടെ ജീവിതമാര്‍ഗമാണ്.ചില ആഘോഷങ്ങള്‍ നമ്മുടെ സന്തോഷം മാത്രമല്ല…മറ്റൊരാളുടെ അടുപ്പിലെ തീ കൂടിയാണ്.
അതാണ് ഞാന്‍ ഇഷ്ടപ്പെടുന്ന ആഡംബരം