ഇന്‍കാസ് രജത ജൂബിലി – ഗാന്ധിജയന്തി ദിനത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: മനുഷ്യസ്നേഹത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഇന്‍കാസ് ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വെള്ളിയാഴ്ച ഹമദ് മെഡിക്കല്‍ സിറ്റിയിലെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 150ഓളം പേര് രക്തം ദാനം ചെയ്യുകയും 25ഓളം പേര് പ്ലേറ്റ്ലെറ്റ് ദാനം ചെയ്യുകയും ചെയ്തു.
ഖത്തറില്‍ കാല്‍നൂറ്റാണ്ടായി കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ സജീവമായ ഇന്‍കാസ് ഖത്തര്‍, രജതജൂബിലി ആഘോഷങ്ങള്‍ കേവലം ആഘോഷപരിപാടികളില്‍ ഒതുക്കാതെ സമൂഹത്തിന് പ്രയോജനകരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാനവികതയുടെ സന്ദേശം പകരണമെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിജയന്തി ദിനത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടന്ന ക്യാമ്പ് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുള്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് വി.എസ് അബ്ദുള്‍ റഹ്മാന് അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി കെ.വി.ബോബന് സ്വാഗതം ആശംസിച്ചു.
ഐസിബിഎഫ് ഉപദേശക സമിതി ചെയര്മാന് കെ. എസ്. പ്രസാദ്, ഇന്‍കാസ് രക്ഷാധികാരികളായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജിഷ ജോര്‍ജ് നന്ദി പറഞ്ഞു
ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠന്, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഉപദേശക സമിതി ചെയര്മാന് പി.എന്‍. ബാബുരാജന്, ഐഎസ്സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, മറ്റ് അപെക്സ് ബോഡി ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും ക്യാമ്പില്‍ സംബന്ധിച്ചു.
