IM Special

ഭീരു

ആരതി ജിജിത്ത്

ഇരുട്ടിന്റെ മറവിൽ,
ആ കണ്ണുകളിൽ മാത്രം
നിസ്സഹായതയുടെ നിഴൽ…
നിശ്ശബ്ദതയെ കീറിമുറിച്ച്
കണ്ണുനീർത്തുള്ളികൾ ധാരയായി
ഇറ്റിറ്റു വീഴുന്നു…
ഒരു മനുഷ്യന്റെ തേങ്ങൽ മാത്രം അവിടെ അലയടിച്ചുകൊണ്ടേയിരിക്കുന്നു;
കരയിലേക്ക് മടങ്ങാനാവാതെ
തിരകളെപ്പോലെ,ആരുമറിയാതെ
അവന്റെ ഉള്ളിൽ
ഒരു ചുഴി രൂപം കൊള്ളുന്നു

കാറ്റിന്റെ തീവ്രതയെ വകഞ്ഞുമാറ്റി
കണ്ണുനീർത്തുള്ളി
കവിളിലൂടെ ഒഴുകുന്നു.
ഒടുവിൽ, വേദനയുടെ ഉപ്പുരസം തേടി അത് ചുണ്ടുകളിൽ തന്നെ തങ്ങിനിൽക്കുന്നു.

ആ നിമിഷത്തിൽ
സ്വന്തം ജീവിതത്തിന്റെ
അവസാന ഈണവും മൂളിക്കൊണ്ട്, ചരമഗീതത്തെ വരവേറ്റ് കൊണ്ട്
അയാൾ സ്വന്തം ജീവനെ
ബലികൊടുക്കുന്നു.

കാലം…
അയാളുടെ കഥ മുഴുമിപ്പിക്കാനാവാതെ
ഒരു പുസ്തകമായി അടയാളപ്പെടുത്തുന്നു.
പറയാതെ പോയ വാക്കുകളും,
പൂർത്തിയാകാതെ പോയ സ്വപ്നങ്ങളും,
മഷി പടരാത്ത താളുകളും മാത്രം
അതിൽ ശേഷിക്കുന്നു.
ആ പുസ്തകത്തിന്റെ ആദ്യതാളിൽ
ഒരു കവിത മാത്രം തെളിഞ്ഞു ,
പേരിടാനാവാത്തൊരു വേദനയുടെ
ആദ്യാക്ഷരം പോലെ