Local News

പാസേജ് ടു ഇന്ത്യയ്ക്ക് ഉജ്വല സമാപനം

ദോഹ: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വര്‍ണവൈവിധ്യവും കലാപൈതൃകത്തിന്റെ സമ്പന്നതയും ഒരേ വേദിയില്‍ സമന്വയിപ്പിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ദ്വിദിന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവലായ പാസേജ് ടു ഇന്ത്യയ്ക്ക് പ്രൗഢോജ്വലമായ സമാപനം.

സംഗീതത്തിന്റെയും നൃത്തത്തിന്റെയും താളമേളങ്ങളും വിവിധ കലാ-സാംസ്‌കാരിക പരിപാടികളുടെ വര്‍ണപ്പകിട്ടും ആവേശകരമായ ആഘോഷാന്തരീക്ഷവും സംഗമിച്ച ഫെസ്റ്റിവല്‍ പതിനായിരക്കണക്കിന് ആളുകളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യത്തിന്റെ സൗന്ദര്യവും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യവും ആഘോഷിച്ച മേള ജനപങ്കാളിത്തം സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി.

ഖത്തറിലെ വിവിധ വകുപ്പുകളില്‍നിന്നുള്ള സ്വദേശികളായ വിശിഷ്ട പ്രതിനിധികളുടെ സാന്നിധ്യം ഫെസ്റ്റിവലിന് സവിശേഷമായ മാനം പകര്‍ന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊഷ്മളമായ സൗഹൃദബന്ധങ്ങള്‍ക്കും സാംസ്‌കാരിക വിനിമയത്തിനും കൂടുതല്‍ വിശാലമായ സാധ്യതകള്‍ തുറന്നിടുന്ന വേദിയായി പാസേജ് ടു ഇന്ത്യ മാറി. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനവും സാംസ്‌കാരിക സഹകരണവും ശക്തിപ്പെടുത്താനുള്ള പ്രതീക്ഷകള്‍ക്കും ഈ സംഗമം ഊര്‍ജം പകര്‍ന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും രുചിവൈവിധ്യങ്ങളും പരിചയപ്പെടുത്തിയ പ്രദര്‍ശനങ്ങളും ഭക്ഷ്യമേളയും ആഘോഷത്തിന് കൂടുതല്‍ നിറപ്പകിട്ടേകി. ഓരോ സംസ്ഥാനത്തിന്റെയും തനിമയും പൈതൃകവും അടുത്തറിയാനുള്ള അവസരമൊരുക്കിയ ഈ വൈവിധ്യങ്ങളുടെ സംഗമം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായി.

വൈവിധ്യങ്ങളില്‍ ഏകത്വം കണ്ടെത്തുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിച്ച പാസേജ് ടു ഇന്ത്യ, കലയും സംസ്‌കാരവും സൗഹൃദവും ഒത്തുചേര്‍ന്ന മനോഹരമായ ആഘോഷമായി ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഓര്‍മകളില്‍ ഇടംപിടിച്ചു.