Breaking News

ഖത്തറില്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 15 പേരെ പോലീസ് പിടികൂടി

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 15 പേരെ പോലീസ് പിടികൂടിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കണിശമായ പരിശോധനകളാണ് അധികൃതര്‍ നടത്തുന്നത്. സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 246 പേരെയാണ് ഇന്ന് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 223 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി അടഞ്ഞ സ്ഥലങ്ങളിലും തുറന്ന സ്ഥലങ്ങളിലുമെല്ലാം ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായപ്പോള്‍ ഇത്തരം പരിശോധനകള്‍ അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിദിനം കോവിഡ് കേസുകള്‍ ഗണ്യ മായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമം പാലിക്കുന്നുവെന്നുറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇന്ന് പരിശോധനകള്‍ നടന്നത്.

മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഇന്ന് ഒരാളേയും വാഹനത്തില്‍ അനുവദിച്ചതിലും കൂടുതല്‍ ആളെ കയറ്റിയതിന് 7 പേരേയും പോലീസ് പിടികൂടി. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.