Breaking News

മോളിവുഡ് മാജിക് മെഗാ ഷോ മാര്‍ച്ച് ഏഴിന്

ദോഹ: മോളിവുഡ് മാജിക് മെഗാ ഷോ മാര്‍ച്ച് എഴിന് 974 സ്റ്റഡിയത്തില്‍ നടക്കും. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നയന്‍ വണ്‍ ഇവന്റസും അമ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക് മെഗാ ഷോയുടെ റീ ലോഞ്ച് ദോഹയില്‍ നടന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ നവംബറില്‍ നടക്കാതെ പോയ മോളി വുഡ് മാജിക് കൂടുതല്‍ പുതുമകളോടെയാണ് ദോഹയിലെ 974 സ്റ്റഡിയത്തില്‍ അരങ്ങേറുന്നതെന്ന് പ്രമുഖ നടനായ ടൊവിനോ തോമസ് , സംഘാടകരായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സന്ദീപ് സേനന്‍, നയന്‍ വണ്‍ സെവന്‍ ഇവന്റ്‌സ് ഭാരവാഹികളും ദോഹ സ്പോര്‍ട് ആക്‌സിലെറ്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും നദിര്‍ഷയും ഡയറക്ടര്‍ രഞ്ജിത്തും ചേര്‍ന്നാണ് മെഗാ ഷോ സംവിധാനം ചെയ്യുന്നത്.
മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ മമ്മുട്ടി, മോഹന്‍ ലാല്‍ ദിലീപ്, കുഞ്ചാക്കോ ബോബന്‍ പൃഥ്വിയുരാജ് തുടങ്ങി ഇരുന്നൂറ്റി നാല്‍പതിലധികം വരുന്ന വമ്പന്‍ താര നിരയാണ് ദോഹയിലെത്തുന്നത്. ഒപ്പം പ്രമുഖ ഗായകരും പങ്കുചേരുന്നു. ദോഹയിലെ ആസ്വാദകര്‍ക്ക് ഒരു സിനിമ പോലെ കോര്‍ത്തിണക്കിയ മനോഹരമായ ഷോ ആയിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം ഷോയുടെ ടിക്കറ്റും റിലീസ് ചെയ്തു. നയന്‍ വണ്‍ ഇവന്റസ് ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയുട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സന്ദീപ് സേനന്‍, നയന്‍ വണ്‍ ഇവന്റസ് മാനേജിങ് ഡയറക്ടറും എം. എ ഗാര്യേജ് മാനേജിങ് ഡയറക്‌റുമായ ഹാരിസ്, ഗായത്രി എന്നിവരും പങ്കെടുത്തു.