Local News

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം, ആര്‍. എസ് അബ്ദുല്‍ ജലീല്‍ പ്രസിഡണ്ട്, അര്‍ഷദ് ഇ ജനറല്‍ സെക്രട്ടറി

ദോഹ : ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി ) ഖത്തറിന്റെ പുതിയ കാലയളവിലേക്കുള്ള നേതൃത്വം നിലവില്‍ വന്നു.
ആര്‍. എസ് അബ്ദുല്‍ ജലീലാണ് പ്രസിഡന്റ്. അര്‍ഷദ് ഇ (ജനറല്‍ സെക്രട്ടറി), റഹീം ഓമശ്ശേരി , മുബാറക് കെ ടി (വൈസ് പ്രസിഡന്റുമാര്‍) . മുഹമ്മദ് റാഫി, നൗഫല്‍ പാലേരി( സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ എസ് അബ്ദുല്‍ ജലീല്‍ സി.ഐ.സി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ മുമ്പ് വഹിച്ചിരുന്നു. കൊച്ചി നെട്ടൂര്‍ സ്വദേശിയായ അബ്ദുല്‍ ജലീല്‍ മാനേജ്മെന്റ് , സ്ട്രാറ്റജി , ഫിനാന്‍സ് രംഗത്തെ വിദഗ്ധനാണ് . ജനറല്‍ സെക്രട്ടറിയായ അര്‍ഷദ് ഇ സി.ഐ.സി വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
ഐ ടി രംഗത്ത് ജോലി ചെയ്ത് വരുന്ന അദ്ദേഹം കോളമിസ്റ്റുകൂടിയാണ്.

കേന്ദ്ര സമിതി അംഗങ്ങളായി കെ സി അബ്ദുലത്തീഫ് , കെ.ടി. അബ്ദുറഹിമാന്‍ , ഖാസിം ടി കെ , ബഷീര്‍ അഹമ്മദ്, മുഷ്താഖ് കെ എച്ച്, സുഹൈല്‍ ശാന്തപുരം, സാദിഖ് ചെന്നാടന്‍, നഹിയ നസീര്‍, നസീമ എം, മുനിഷ് എ സി, അസ്ലം തൗഫീഖ് എം ഐ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് വി. ടി അബ്ദുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.

സി.ഐ.സിയുടെ വിവിധ സോണുകളില്‍ പ്രഡിഡന്റുമാരായി ജാഫര്‍ മുഹമ്മദ് (ദോഹ), റഷീദലി പി എം (മദീന ഖലീഫ), സുബുല്‍ അബ്ദുല്‍ അസീസ് (റയ്യാന്‍), സുധീര്‍ (ഥുമാമ), ഷാനവാസ് ഖാലിദ് (വക്റ) , സക്കീര്‍ ഹുസൈന്‍ (അല്‍ഖോര്‍) എന്നിവരെയും തെരെഞ്ഞെടുത്തു. സോണല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് അര്‍ഷദ്. ഇ, കെ. ടി മുബാറക്, കെ. സി അബ്ദുല്‍ ലത്തീഫ്, കെ. ടി അബ്ദുറഹ്‌മാന്‍, മുഹമ്മദ് റാഫി, നൗഫല്‍ പാലേരി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രമുഖരായിരുന്ന ഖാസിം മൗലവി, സലീം മൗലവി, അബ്ദുല്ല ഹസന്‍, വി.കെ.അലി, മുഹമ്മദ് അലി ആലത്തൂര്‍, കെ.സുബൈര്‍ തുടങ്ങിയവരുടെ നേതൃ പാരമ്പര്യത്താല്‍ ധന്യമായ, ഖത്തറില്‍ അര നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ 2017 ല്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി ഖത്തര്‍) എന്ന് പുനര്‍ നാമകരണം ചെയ്യപ്പെടുകയായിരുന്നു.

ദീര്‍ഘമായ കാലയളവില്‍ വൈജ്ഞാനിക രംഗത്തും സാമൂഹിക സാംസ്‌ക്കാരിക സേവന മേഖലകളിലും മാധ്യമ രംഗത്തും മാതൃകാപരമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്‌ക്കരിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. ബഹുജന ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, സാമൂഹിക സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തനങ്ങള്‍ , സാന്ത്വന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ , സമൂഹ നോമ്പുതുറ, ആരോഗ്യ സേവന പാതയില്‍ വഴിത്തിരിവായി രേഖപ്പെടുത്തപ്പെട്ട മെഡിക്കല്‍ ക്യാമ്പ് തുടങ്ങി ഒട്ടനവധി സംരംഭങ്ങള്‍ പ്രവാസികള്‍ക്കായി ആസൂത്രണം ചെയ്യാനും നടപ്പില്‍ വരുത്താനും കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ സംഘടനക്ക് സാധിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പ്രവാസി സംഘടനകള്‍ പ്രവര്‍ത്തന രംഗത്ത് ഇല്ലാത്ത ആദ്യകാലത്ത് രൂപീകരിക്കപ്പെട്ട സംഘടന എന്ന നിലയില്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനുമിടയിലുള്ള ഒരു കണ്ണിയായി സിഐസി ഖത്തര്‍ പ്രവര്‍ത്തിച്ചുവരുന്നു.