ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് സീസൺ 12, ഊർങ്ങാട്ടിരി പഞ്ചായത്ത് ഓവറോൾ കിരീടം നിലനിർത്തി

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അൽ വക്ര സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന നസീം ഹെൽത്ത് കെയർ പ്രസന്റ്സ് ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ്ൽ തുടർച്ചയായ രണ്ടാം തവണയും ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയേഷൻ 45.6 പോയിന്റുമായി ഓവറോൾ കിരീടം ചൂടി. രണ്ടാം സ്ഥാനം കൊടിയത്തൂർ പഞ്ചായത്തും (21.25 പോയിന്റ്) മൂന്നാം സ്ഥാനം കീഴുപറമ്പ് പഞ്ചായത്തും (20.1 പോയിന്റ്) കരസ്ഥമാക്കി.
ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ കളർഫുൾ ഇനമായ മാർച്ച് പാസ്റ്റിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ഒന്നാം സ്ഥാനവും, എടവണ്ണ പഞ്ചായത്ത് രണ്ടാം സ്ഥാനവും കൊടിയത്തൂർ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആവേശകരമായ വടം വലി മത്സരത്തിൽ ഊർങ്ങാട്ടിരി ഒന്നാം സ്ഥാനവും കൊടിയത്തൂർ രണ്ടാം സ്ഥാനവും എടവണ്ണ മൂന്നാം സ്ഥാനവും നേടി. വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ കൊടിയത്തൂർ വാഴക്കാടിനെ 3-2 നു പരാജയപ്പെടുത്തി ഫുട്ബോൾ ചാമ്പ്യൻമാരായി. ചീക്കോടും മമ്പാടും മൂന്നാം സ്ഥാനം പങ്കിട്ടു. ആവേശകരമായ 4×100 റിലേ മത്സരത്തിൽ മമ്പാട് ഒന്നാം സ്ഥാനവും, വാഴക്കാട് രണ്ടാം സ്ഥാനവും, കിഴുപറമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷന്മാരുടെ പഞ്ചഗുസ്തി, 100 മീറ്റർ റണ്ണിംഗ് റേസ്, 1500 മീറ്റർ റണ്ണിംഗ്, സ്വിമ്മിംഗ്, വനിതകൾക്കുള്ള പെനാൽറ്റി ഷൂട്ട് ഔട്ട്, ബാസ്കറ്റ് ബോൾ ത്രൊ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള റണ്ണിംഗ് റേസ്, പെൺകുട്ടികൾക്കുള്ള ബാസ്കറ്റ് ബോൾ ത്രൊ എന്നിവയായിരുന്നു മറ്റു വ്യക്തിഗത മത്സര ഇനങ്ങൾ. ഒൻപത് വയസ്സിനു താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ഫണ്ണി ഗെയിംസ് സ്പോർട്സ് ഫെസ്റ്റിനെ ആകർഷണീയമാക്കി.
ചാലിയാർ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ച സ്പോർട്സ് ഫെസ്റ്റിന്റെ ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. അൽ വക്ര സ്പോർട്സ് ക്ലബ് പ്രസിഡന്റ് ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ അൽതാനി ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് ലേബർ റിലേഷൻ സ്പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുറഹ്മാൻ ഫക്രു മുഖ്യാഥിതിയായി. ഐ സി ബി പി പ്രസിഡന്റ് താഹ മുഹമ്മദ് , ഐ എസ് സി സെക്രട്ടറി ബഷീർ തുവാരിക്കൽ, മറൈൻ എയർ കണ്ടിഷനിംഗ് ആൻഡ് റഫ്രീജറേഷൻ കമ്പനി ഡയറക്ടറും ചാലിയാർ ദോഹ ചീഫ് പാട്രനുമായ ഷൌക്കത്തലി ടി. എ. ജെ, ചാലിയാർ ദോഹ ഫൗണ്ടർ പ്രസിഡന്റ് വി. സി. മഷ്ഹൂദ് തിരുത്തിയാട്, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, വനിത വിംഗ് പ്രസിഡന്റ് മുഹ്സിന സമീൽ, നയീം മുള്ളുങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രെഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.
