Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

റമദാൻ അസ്തമിക്കുന്നു, ‘റമദാൻ ചിന്ത’യും

ഡോ. അലി ജാഫര്‍ മുണ്ടേരി

എവിടെയെങ്കിലും വെച്ച് എപ്പോഴെങ്കിലും നമ്മളുമായി പരിചയത്തിലായി,നമ്മെ ഏറെ സ്വാധിനിച്ചതൊ,പഠന കാലത്തൊ ജോലി സമയത്തൊ മറ്റുള്ളപ്പോഴോ നമ്മളുമായി ഇടപഴകി, നല്ല ബന്ധത്തിലായതൊ,നമ്മുടെ ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ കൂടെ നിന്നു നമ്മെ ഏറെ സഹായിച്ചതൊ ആയ ഒരാത്മസുഹൃത്ത്,പിന്നീട് സാഹചര്യവും മറ്റും മാറുമ്പോൾ,നമ്മളുമായി പിരിയുന്ന ഒരു ഘട്ടം ആലോചിച്ചു നോക്കൂ.എത്ര വിഷമകരവും വികാരപരവും ആയിരിക്കും ആ സന്ദർഭം….

ഒരു മാസക്കാലമായി,നമ്മിലേക്ക് സ്വമേധയാ വന്ന്,നമ്മളായി മാറി, നമ്മിലെ മുഴുവൻ മിടിപ്പിനെയും തുടിപ്പിനെയും ഇത്ര മാത്രം സ്വാധിനിച്ച ഒരു സുഹ്യത്ത്,റമദാനും നോമ്പുമല്ലാതെ മറ്റാരായിരിക്കും…!?

മാത്രമല്ല നമ്മുടെ കൂടെ നിന്ന്,നമുക്ക് പോലും കഴിയാത്ത വിഷയങ്ങളിൽ, അത്ഭുതകരമായി നമ്മെ സഹായിക്കുകയായിരുന്നു നോമ്പ്.

അത്താഴത്തിനായി അസമയത്ത് നമ്മൾ എഴുന്നേൽക്കാനും,പകൽ സമയങ്ങളിൽ വിശപ്പിനെയും ദാഹത്തെയും അരികെ നിറുത്തി,ആഹാര പാനിയങ്ങളോട് അകലം പാലിക്കാനും,ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അടിപ്പെടാതിരിക്കാനും, മുമ്പില്ലാത്തവിധം നമുക്ക് ഉൾക്കരുത്ത് നൽകിയതും,വാക്കിനെയും നോക്കിനെയും നിയന്ത്രിക്കാനും നിരീക്ഷിക്കാനും നമുക്ക് നിശ്ചയദാർഡ്യം നൽകിയതും,

അങ്ങിനെ പറയാൻ തുടങ്ങിയാൽ, പല തലങ്ങളിലും സ്ഥലങ്ങളിലുമായി നമ്മെ,പരിധി വിടാതെ ഈ കാലയളവിൽ നിയന്ത്രിച്ചതെല്ലാം,വിശുദ്ദ റമദാനും നോമ്പടക്കമുള്ള അതിലെ കർമ്മങ്ങളുമായിരുന്നു.

നമുക്ക് ആത്മനിയന്ത്രണവും സൂക്ഷ്മതാ ബോധവും പകർന്ന ഒരു വലീയ ധാർമ്മിക പരിസരം പര്യവസാനിക്കുന്നു.നമുക്ക് അനുഭവേധ്യമായ ഈ യാഥാർത്ഥ്യത്തെ, നാം തിരിച്ചറിയേണ്ടതുണ്ട്.

പത്തു രൂപയുടെ മാസ്കിനെ ഓരോ മുഖത്തും ഉറപ്പു വരുത്താൻ മാത്രം, സർക്കാരും മുഴുവൻ സംവിധാനവും കഴിഞ്ഞ കോവിഡ്കാലത്ത് മുടക്കിയ തുകയും നിയമങ്ങളും അനുബന്ധ അധ്വാനവും എത്രയാണെന്ന്‌ കൃത്യമായി ആർക്കും അറിയില്ല..!

അവിടെയാണ്, ഒരു സെക്ടറൽ മജിസ്ട്രേറ്റിന്റെയും നിരീക്ഷണമൊ നിഷ്കർഷതയൊ ഇല്ലാതെ,വലീയ വിഷയങ്ങളിലെ,അതിലും വലിയ അനുസരണ, സ്വയംചെയ്യാൻ നമുക്ക് കരുത്ത് നൽകിയത് നോമ്പിൻ്റെ കാമ്പ് തന്നെയായിരുന്നു…!

മനുഷ്യന്റെ ദുർബലതകളെ നിയന്ത്രിക്കാനും, അതിലൂടെ മനുഷ്യനെ സുരക്ഷിതനാക്കാനും ആത്യന്തികമായി സാധിക്കുക,മനുഷ്യനെയും മനസ്സിനെയും സൃഷ്ടിച്ച ദൈവത്തിന്റെ നിയമാവലികൾക്ക് മാത്രമാണ്.

മനുഷ്യനുപോലും നിയന്ത്രിക്കാൻ കഴിയാത്ത,മനുഷ്യനിലെ ആന്തരിക ആന്തോളനങ്ങളെ ആരോഗ്യകരമായി നിയന്ത്രിക്കാനും പ്രവർത്തനക്ഷമമായി തിരിച്ചുവിടാനും കഴിയുക,ഭൂലോകത്തെ മുഴുവൻ സൃഷ്ടിച്ച് സംവിധാനിക്കുന്ന സ്രഷ്ടാവിന്റെ നിയമ സംഹിതകൾക്ക് മാത്രമാണ്.മറ്റു ഇസങ്ങളും വ്യവസ്ഥകളുമെല്ലാം ഒരു പരിധിക്കപ്പുറം വ്യർത്ഥമാണ്.

നോമ്പനുഷ്ഠിക്കുന്ന മുഴുവൻ പേരെയും തികച്ചും പ്രാവർത്തികമായി ഇത് ബോധ്യപ്പെടുത്തിയാണ് ഈ സദാചാര സുഹൃത്ത് നമ്മോട് വിടചോദിക്കുന്നത് .

“നിങ്ങൾ നോമ്പനുഷ്ഠിക്കുന്നത് നിങ്ങളുടെ തന്നെ ഗുണത്തിനാണ്, നിങ്ങൾ അറിയുന്നുവെങ്കിൽ …..” (ഖുർആൻ)

“ചെറിയ നാരുകളെ ചേർത്ത് പിരിച്ച് കയറുണ്ടാക്കി,
അവസാനം ആ കയറിനെ,
പിരിയുടച്ച് ഒന്നുമല്ലാതാക്കുന്നവരായി
നിങ്ങൾ മാറരുതെന്ന്” നമ്മോട്
കൽപ്പിച്ചത്, നോമ്പ് നിർബന്ധമാക്കിയ സ്രഷ്ടാവാണ്…..!

നാരുകളെ ചേർത്തുവെച്ച് കയറ് പിരിച്ചെടുക്കാൻ
ഏറെ സമയവും സഹനവും
സന്നദ്ധതയും ശ്രമവും അത്യാവശ്യം,

അതിനെ പിരിയുടച്ച് ഒന്നുമല്ലാതാക്കി മാറ്റാൻ കേവലം അശ്രദ്ധയും അലസതയും മാത്രം മതി.

നോമ്പിന്റെ അസ്തമയം വരെയുള്ള
മുറിയാതിരിക്കലിന്
നാം കാണിച്ച ജാഗ്രതയുടെ പ്രതിഫലമാണ്,
നോമ്പുതുറക്കാനുള്ള യോഗ്യതയും ആ സമയത്തെ സന്തോഷവും അടുത്ത ദിവസം വരുന്ന ഫിത്വർ പെരുന്നാളും.

നാളെ, പടച്ചവനിലേക്ക് ഇതിൻ്റെ സ്വാധീനം മുറിയാതെ എത്തിയാലെ,
അവിടെ ഈ നോമ്പുകൊണ്ട് ഗുണമൊള്ളൂ. അതിനുള്ള തുടർ ജാഗ്രതയാണ് തുടർകാലം നമ്മിൽ നിന്നും തേടുന്നത് .

Related Articles

Back to top button