Breaking News

ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ആതുര സേവന രംഗത്തെ ഖത്തറിന്റെ അഭിമാനമായ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ നേട്ടങ്ങളുടെ തൊപ്പിയയില്‍ പുതിയൊരുപൊന്‍തൂവല്‍ തുന്നിചേര്‍ത്ത് പ്രഥമ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി റിപ്പോര്‍ട്ട് . ലോകോത്തര സംവിധാനങ്ങളും വിദഗ്ധ മെഡിക്കല്‍ സംഘവും ചേര്‍ന്നാണ് ഈ ചരിത്ര മുഹൂര്‍ത്തം സാക്ഷാല്‍ക്കരിച്ചത്.

ഖത്തറിലെ ആദ്യത്തെ ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഖത്തര്‍ പൗരന്റെ ആരോഗ്യം പരിശോധിക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി ഇന്നലെ രാവിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ സന്ദര്‍ശിച്ചു.

സന്ദര്‍ശന വേളയില്‍, ശസ്ത്രക്രിയാ വിദഗ്ധരും ഡോക്ടര്‍മാരും മെഡിക്കല്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്ന ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ ടീമിനെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഓപ്പറേഷന്‍ നടത്തുന്നതില്‍ അവരുടെ പരിശ്രമളേയും വൈദഗ്ധ്യത്തേയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.