Breaking News

അബ്ദുല്‍ റൗഫ് കൊണ്ടോട്ടി ഇന്ത്യന്‍ ഡയസ്‌ഫോറ അംബാസിഡര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടിയെ ഇന്ത്യന്‍ ഡയസ്‌ഫോറ അംബാസിഡറായി നിയമിച്ചതായി ലോകാടിസ്ഥാനത്തിലുള്ള ഇന്ത്യന്‍ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ ഡയസ്‌ഫോറ ഗ്‌ളോബല്‍ മൂവ്‌മെന്റ് അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സമഗ്ര പുരോഗതിക്കുളള മാര്‍ഗരേഖകള്‍ തയ്യാറാക്കുകയുമാണ് ഈ കൂട്ടായ്മയുടെ പ്രധാന ദൗത്യം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് മാത്രം 678 ക്‌ളാസുകള്‍ നടത്തിയിട്ടുണ്ട്.

വിവിധ മാധ്യമങ്ങളിലായി നിരവധി ലേഖനങ്ങള്‍, റേഡിയോ , ടി.വി, ഇന്റര്‍വ്യൂകള്‍ , ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി പ്രവാസി ജീവിതത്തിന്റെ വിവിധ വശങ്ങളിലായി അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിത്.

മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ അദ്ദേഹം പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ മേധാവിയും ഖത്തറിലെ നോര്‍ക്ക ഹെല്‍പ് ലൈന്‍ കണ്‍വീനറുമാണ് .