Archived Articles

തൃക്കാക്കരയിലെ ചരിത്രവിജയം ആഘോഷിച്ച് ഇന്‍കാസ് ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഉപ തിരഞ്ഞടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ മിന്നും വിജയം ദോഹയിലെ ഇന്‍കാസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും, തങ്ങള്‍ പ്രതിക്ഷിച്ചതിലും ഭൂരിപക്ഷം നല്‍കിയ തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാരോടുള്ള നന്ദി ഇന്‍കാസ് ഖത്തര്‍ നേതാക്കളും പ്രവര്‍ത്തകരും പ്രകാശിപ്പിച്ചു. ചരിത്ര വിജയം കൈവരിച്ച സ്ഥാനാര്‍ത്ഥി ഉമ തോമസിനേയും, വിജയത്തിനു വേണ്ടി രാപ്പകലില്ലാതെ ചിട്ടയായ പ്രവര്‍ത്തനം നടത്തിയ യു ഡി എഫ് നേതാക്കളേയും പ്രവര്‍ത്തകരേയും ഇന്‍കാസ് ഖത്തര്‍ യോഗത്തില്‍ അഭിനന്ദങ്ങള്‍ അറിയിച്ചു.

പി.ടി. തോമസ്സിന്റെ ആദര്‍ശ രാഷിട്രീയത്തിന്റെ അടയാളപ്പെടുത്തലുകളും , വികസനത്തോടുള്ള കാഴ്ചപ്പാടും , പിണറായി സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധവികാരവും ഉമാ തോമസ്സിന്റെ ഭൂരിപക്ഷം വര്‍ധിക്കുവാന്‍ കാരണമായതായി യോഗത്തില്‍ സംസാരിച്ച ഇന്‍ കാസ് ഖത്തര്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിററിയുടെ നേതൃത്വത്തില്‍ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികളില്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിററി പ്രസിഡന്റുമാര്‍, ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സിക്രട്ടറി ശ്രീജിത്ത് സദാശിവന്‍ സ്വാഗതവും, ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.