Breaking News

ലുസൈല്‍ സൂപ്പര്‍ കപ്പും സംഗീത നിശയും സെപ്തംബര്‍ 9 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ലുസൈല്‍ സൂപ്പര്‍ കപ്പും സംഗീത നിശയും സെപ്തംബര്‍ 9 ന് ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയവും ഈ വര്‍ഷത്തെ ഫിഫ ലോകകപ്പ് ഫൈനലിന്റെ വേദിയുമായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും.

80,000 പേരെ ഉള്‍ക്കൊള്ളുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി പ്രോ ലീഗ് ചാമ്പ്യന്‍മാരും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളും തമ്മിലുള്ള ലുസൈല്‍ സൂപ്പര്‍ കപ്പും തുടര്‍ന്ന് സംഗീത പരിപാടിയും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗീത പരിപാടിയുടെയുടേയും ടിക്കറ്റിന്റേയും വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

മധ്യ ദോഹയില്‍ നിന്ന് 15 കിലോമീറ്റര്‍ വടക്കുള്ള നൂതനമായ ലുസൈല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന അതിശയകരമായ വേദിയില്‍ ഈ മാസം 11 നാണ് ആദ്യമായി പന്തുരുളുന്നത്.  ക്യൂ.എന്‍.ബി ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മല്‍സരത്തില്‍ അല്‍ അറബി ക്‌ളബ്ബും അല്‍ റയ്യാന്‍ ക്‌ളബ്ബും തമ്മിലുള്ള മല്‍സരത്തിനാണ് അത്യാധുനിക സൗകര്യങ്ങളോടെ പണിത ലുസൈല്‍ സ്‌റ്റേഡിയം മിഴി തുറക്കുക.

2022 ഫിഫ ലോക കപ്പില്‍ നവംബര്‍ 22 ന് അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള ഗ്രൂപ്പ് സി പോരാട്ടത്തോടെയാണ് ലുസൈല്‍
സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ തുടങ്ങുക.