Breaking News

മലിനീകരണം സംശയിക്കുന്ന കാല്‍വ് പീനട്ട് സോസ് ഉല്‍പ്പന്നങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പിന്‍വലിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. മലിനീകരണം സംശയിക്കുന്ന കാല്‍വ് പീനട്ട് സോസ് ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പിന്‍വലിച്ചു.
15/5/2023 കാലഹരണ തീയതിയോടെ, നെതര്‍ലന്‍ഡ്സില്‍ നിന്നും ഉല്‍പാദിപ്പിച്ച ‘കാല്‍വ് പീനട്ട്സ് സോസ് മൈല്‍ഡ്’, ‘കാല്‍വ് പീനട്ട്സ് സോസ് സ്പൈസി’ എന്നീ ബ്രാന്‍ഡുകളായ പീനട്ട് സോസ് ഉല്‍പ്പന്നങ്ങളാണ് മലിനീകരണം സംശയിച്ച് പിന്‍വലിച്ചത്.

ഉല്‍പ്പന്നം സംബന്ധിച്ച് യൂറോപ്യന്‍ റാപ്പിഡ് അലേര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡ് വഴിയുള്ള അറിയിപ്പിനെ തുടര്‍ന്നാണ് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ഉല്‍പ്പന്നം ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ എല്ലാ വിതരണക്കാരോടും ആവശ്യപ്പെടുകയും ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ മുന്‍കരുതല്‍ നടപടിയായി ബന്ധപ്പെട്ട വില്‍പ്പന കേന്ദ്രങ്ങളില്‍ ഉല്‍പ്പന്നത്തിന്റെ സംശയാസ്പദമായ ബാച്ച് ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സംശയാസ്പദമായ ഉല്‍പ്പന്നം ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോട് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മേല്‍ സൂചിപ്പിച്ച ഉല്‍പന്നം കൈവശമുള്ളവര്‍ വാങ്ങിയ അളവ് നശിപ്പിക്കുകയോ അല്ലെങ്കില്‍ അവ വാങ്ങിയ വില്‍പന കേന്ദ്രത്തിലേക്ക് തിരികെ നല്‍കുകയോ ചെയ്യണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.