Breaking NewsUncategorized

‘നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല’ , മെയ് 31 ലോക പുകയില വിരുദ്ധ ദിനം


അമാനുല്ല വടക്കാങ്ങര

ദോഹ: ‘നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല’ എന്ന വളരെ പ്രസക്തമായ പ്രമേയം ചര്‍ച്ചക്ക് വെച്ച് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ലോകമെമ്പാടും ലോക പുകയില വിരുദ്ധ ദിനമാഘോഷിക്കുകയാണിന്ന് . തൊഴിലാളികളുടെ പേര് പറഞ്ഞ് പുകയില കര്‍ഷകരെ വെറുതെ വിടാതെ , അവര്‍ക്ക് ബദല്‍ വിള ഉല്‍പ്പാദനത്തെക്കുറിച്ചും വിപണന സാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്താനും സുസ്ഥിരവും പോഷകസമൃദ്ധവുമായ വിളകള്‍ വളര്‍ത്താന്‍ അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന വിപുലമായ കാമ്പയിനാണ് ലോകാരോഗ്യ സംഘടന ഈ ദിനത്തോടനുബന്ധിച്ച് ഉദ്ദേശിക്കുന്നത്.
ലോകകപ്പ് ചരിത്രത്തില്‍ ഐതിഹാസിക വിജയമടയാളപ്പെടുത്തിയ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ മത്സരങ്ങള്‍ നടന്ന സ്റ്റേഡിയങ്ങള്‍ പുകവലി മുക്തവും പുകയില വിപണന രഹിതവുമാക്കിയതിന് ലോകാരോഗ്യ സംഘടനയുടെ പുകയില വിരുദ്ധ ദിന പുരസ്‌കാരം ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം സ്വന്തമാക്കിയ സന്തോഷത്തോടെയാണ് ഖത്തറിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളും നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകളും ഇന്ന് പുകയില വിരുദ്ധ ദിനം ആഘോഷിക്കുന്നത്.
ആരോഗ്യത്തിന് ഹാനികരമായതിനാല്‍ പുകവലിയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയ ഖത്തര്‍ ലോകകപ്പിലൂടെ ആരോഗ്യകരമായ സന്ദേശമാണ് ലോകത്തിന് നല്‍കിയത്.
പുകവലി ആരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് . ലോകമെമ്പാടും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കായികവും ആരോഗ്യവും കൈകോര്‍ക്കുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള സവിശേഷമായ വേദിയായാണ് ലോകകപ്പിനെ ഖത്തര്‍ പ്രയോജനപ്പെടുത്തിയതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.

കായിക രംഗവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവ ഒരുമിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഘോഷമൊരുക്കാന്‍ എല്ലാവരും കൈകൊര്‍ക്കണമെന്നും നാം വിചാരിച്ചാല്‍ ഇത് സാധ്യമാകുമെന്നാണ് ഫിഫ 2022 ലോകകപ്പ് ഖത്തര്‍ നല്‍കുന്ന പാഠമെന്നും പൊതുജനാരോഗ്യ മന്ത്രി അടിവരയിട്ടു. ,

Related Articles

Back to top button
error: Content is protected !!