IM SpecialUncategorized

പ്രവാസി കഥ പറയുന്നു

ഖത്തറില്‍ 43 വര്‍ഷത്തെ പ്രവാസം പിന്നിട്ട കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം സംസാരിക്കുന്നു

കാലം പതുക്കെപ്പതുക്കെ എന്റെ യൗവ്വനം കാര്‍ന്നുതിന്നെങ്ങോ മറഞ്ഞു പോയി. കല്‍പിത ജീവിതം തീരുന്നതോര്‍ത്തെന്റെ ആത്മാവ് തേങ്ങിക്കരഞ്ഞു പോയി. 43 വര്‍ഷത്തെ പ്രവാസജീവിതത്തിന്റെ ഓര്‍മ്മച്ചെപ്പ് അല്‍പമൊന്ന് തുറന്നുനോക്കുകയാണ്. ഒത്തിരിയൊന്നുമില്ലെങ്കിലും ഇത്തിരിയൊക്കെ ഇതിലുണ്ട് എന്നാണെന്റെ വിശ്വാസം.

കൃത്യം 43 വര്‍ഷം മുമ്പ് ,1980 ജൂണ്‍ 2ാം തിയ്യതിയാണ് ഞാന്‍ ഖത്തറില്‍ വന്നിറങ്ങിയത്. ഇന്നത് 44-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ്. നഷ്ടങ്ങളുടെയും നേട്ടങ്ങളുടേയും കണക്കുകളില്‍ ജയിച്ചത് ആത്മാവും തോറ്റത് ആയുസ്സുമാണ്. ആത്മാവിന് കാലത്തിന്റെ കല്ലറയില്‍ മൂടപ്പെട്ട മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഓര്‍മ്മകളുടെ സങ്കടക്കണ്ണീരുകള്‍ അകമ്പടി സേവിക്കുമ്പോള്‍ ജയത്തിന്റെ മാറ്റ് തീരെ കുറഞ്ഞുപോവാറുണ്ട്. പല പുതുവഴികളും കാഴ്ചകളും കണ്ടും കേട്ടും അറിഞ്ഞും പലര്‍ക്കും പല വഴികളും ചൂണ്ടിക്കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞത് മുന്നില്‍ വന്ന് നൃത്തം ചെയ്യുമ്പോള്‍ തോറ്റു പോയ ആയുസ്സിന് വിജയത്തിന്റെ ആനന്ദലഹരിയാണ്. തോറ്റു പോയ ആയുസ്സിനൊപ്പം നിന്ന് പൊരുതാനും ജയിച്ച ആത്മാവിനൊപ്പം നിന്ന് ആഹ്ലാദിക്കാനും ഞാന്‍ സന്നദ്ധനും നിര്‍ബന്ധിതനുമാണ്. സഹായിച്ചവരേ നന്ദി , സന്തോഷം കായ്പിച്ച സുമനസ്സുകളേ ആദരം, സങ്കടപ്പെടുത്തിയവരേ നിങ്ങള്‍ക്ക് മാപ്പ്.

ഞാനൊന്ന് 80 ലേക്ക് തിരിഞ്ഞു നടക്കാം. 80-ലെ ജൂണ്‍ 2 ന് ബോംബെയിലെ സാന്താക്രൂസ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഒരു യാത്രക്കാരനായി ഞാനും ഖത്തറിലേക്ക് പുറപ്പെട്ടു. മൂന്നരമണിക്കൂറിന്റെ ആകാശയാത്രയും കഴിഞ്ഞ് ദോഹ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലിറങ്ങുമ്പോള്‍ ഉച്ചവെയില്‍ കത്തിജ്ജ്വലിക്കുകയായിരുന്നു. പല വഴികളിലൂടെയും പതിനായിരങ്ങള്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പറന്നിറങ്ങിയ എയര്‍പോര്‍ട്ടിന്റെ മുറ്റത്തിറങ്ങുമ്പോള്‍ ഞാനും ഒരു ഗള്‍ഫ്കാരനായല്ലോ എന്ന അഭിമാനബോധം മനസ്സില്‍ തിരതല്ലി. അന്നത്തെ ഗള്‍ഫുകാരന്റെ നില എത്രയോ ഉയരത്തിലായിരുന്നതുകൊണ്ടായിരുന്നു അത്. (ഇന്ന് ഒരു പ്രയാസിയായി ചുരുങ്ങിപ്പോയത് താന്‍ കാണിച്ച ആത്മാര്‍ത്ഥതയുടെ ഫലമാണെന്ന ദു:ഖസത്യം പ്രവാസിയും തിരിച്ചറിയുന്നു.)

ഇക്കയും സുഹൃത്തുക്കളും ആഹ്ലാദത്തോടെ വരവേല്‍ക്കാന്‍ കാത്ത് നിന്നതും, അബ്ദുറഹ്‌മാന്‍ ഹസ്സന്‍ യൂസഫ് അല്‍ ജാബിറെന്ന സ്‌നേഹസമ്പന്നനായ സ്‌പോണ്‍സറെ കണ്ടുമുട്ടിയതും ഓര്‍മ്മച്ചെപ്പിലെ സുഗന്ധങ്ങളാണ്. പ്രവാസ ജീവിതത്തിലെ ചില നൊമ്പരങ്ങള്‍ ഓര്‍മ്മയില്‍ മായാതെ കിടപ്പുണ്ടെങ്കിലും, ഏറിയ പങ്കും ആനന്ദദായകങ്ങളാണ്.

(43 വർഷത്തെ മായാത്ത പുഞ്ചിരിയുമായ അന്നത്തെ കഫീൽ അബ്ദുറഹ്മാൻ ഇന്നും നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് വരവേൽക്കുന്നു.)

ഖത്തര്‍ ഒരുപാട് മാറിയിരിക്കുന്നു. എണ്ണപ്പാടങ്ങളുടെ രാജാക്കന്മാരില്‍ ഒരാളായ ശൈഖ് ഖലീഫയുടെ ഭരണം നാടിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് അടിത്തറ പാകിക്കൊണ്ട് മുന്നേറി. (അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.) എണ്ണപ്പാടത്തിന്റെയും പ്രകൃതിവാതകത്തിന്റെയും കൂടി ഭരണാധികാരിയായി പുതുയുഗ വിപ്ലവം നയിച്ച മകന്‍ ശൈഖ് ഹമദിന്റെ ഭരണം ഖത്തറിന്റെ പ്രശസ്തി ലോകത്തോളം ഉയര്‍ത്തി. ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നായി ഖത്തര്‍ വളര്‍ന്നു. പുതിയ തലമുറയിലേക്ക് ചെങ്കോല്‍ കൈമാറിയ ശൈഖ് ഹമദ് നാടിന് യുവത്വം തല്‍കി. അദ്ദേഹത്തിന്റെ കാലത്താണ് ഏഷ്യന്‍ ഗെയിംസു പോലെയുള്ള മഹാകായികമേളകള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിച്ചത്. ഭരണം ശൈഖ് തമീമിലെത്തിയപ്പോഴേക്കും വേള്‍ഡ് കപ്പ് നടത്താനുള്ള പ്രാപ്തി വരെ ഖത്തര്‍ കൈവരിക്കുകയും ഏറ്റവും അന്തസ്സോടെ അത് നടത്തിക്കൊണ്ട് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങുകയും ചെയ്തു. ലുസൈല്‍ സ്റ്റേഡിയത്തിന്റെ അങ്കണത്തില്‍ നിന്നും ലോക ചാമ്പ്യനായ മെസ്സിക്ക് ഖത്തറിന്റെ രാജകീയ ഗൗണ്‍ അണിയിക്കുമ്പോള്‍ ഖത്തറില്‍ പ്രവാസിയായി ജീവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആകാശചുംബിയായിരുന്നു. (ജീവിതത്തിന്റെ ഏറിയ പങ്കും ചിലവഴിച്ച ഈ മണ്ണ് എന്റെതു കൂടിയാണല്ലോ)

എണ്‍പതുകളില്‍ നിന്നും ഖത്തര്‍ ഒരുപാട് മാറിയിരിക്കുന്നു. വീതി കുറഞ്ഞ നിരത്തുകളധികവും ആറ് ട്രാക്കുകള്‍ ഉള്ള ഹൈവെകളായിരിക്കുന്നു. അവ മജദ് റോഡുമായി ചേര്‍ന്ന് രാജപാതകളായി മാറി. പലസ്ഥലത്തും ഫ്‌ലൈഓവറുകളുണ്ടായി. ഒറ്റനില വീടുകള്‍ ഒട്ടുമുക്കാലും അനേകനിലകളുള്ള മന്ദിരങ്ങളായി. എട്ടും പത്തും നിലകളുള്ള ബില്‍ഡിംഗുകളും ടവറുകളുമായി കെട്ടിടങ്ങള്‍ ഉയര്‍ന്ന് പൊങ്ങി. മദ്രസ്സകശളും യൂണിവേഴ്‌സിറ്റികളും, ഖത്തര്‍ ഫൗണ്ടേഷനുമൊക്കെ അറിവിന്റെ ആഴങ്ങളിലേക്ക് മിഴി തുറന്നു. റുമൈല ആശുപത്രി ഹമദ് ജനറല്‍ ഹോസ്പിറ്റലായി മാറുക മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ആതുരാലയം എന്ന ഖ്യാതി നേടുകയും ചെയ്തു. ലോകോത്തര സ്റ്റേഡിയങ്ങളും മ്യൂസിയങ്ങളും മാളുകളും ഖത്തറിന്റെ താളമേളങ്ങളായി. പാര്‍ക്കുകളും കത്താറയും കാര്‍ഷിക പുരോഗതിയും കണ്ട് ഒട്ടകങ്ങള്‍പോലും പുഞ്ചിരിക്കുകയാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെയും ഹമദ് സീ പോര്‍ട്ടിന്റെയും പ്രൗഢി നെഞ്ചിലേറ്റി ഫാല്‍കണ്‍ ചിറക് വിരിച്ചു പറക്കുന്നു. മെട്രോയും നാഷനല്‍ ലൈബറിയും സൂഖ് വാഖിഫും വന്നതില്‍ ഒറിക്‌സ് കോരിത്തരിക്കുകയാണ്. മാനവികതയിലേക്കുള്ള നാടിന്റെ പ്രയാണവും സമ്പദ് സമൃദ്ധിയിലേക്കുള്ള കുതിപ്പും വിളമ്പരം ചെയ്തുകൊണ്ട് ഈന്തപ്പനകള്‍ കായ്ച്ചുനില്ക്കുന്നു.

ലാന്റ് മാര്‍ക്കുകള്‍ പലതും പുനര്‍നാമകരണത്തിന് വിധേയമായി. ക്യൂജിപിസി ക്യൂപിയായും ഖത്തര്‍ എനര്‍ജിയായും വളര്‍ന്നു. കേബിള്‍ ആന്റ് വയര്‍ലസ്സ് ക്യൂടെല്‍ ആയും ഒരീഡോയായും പുതുവേഷമണിഞ്ഞു. എസ്ഇഡി കഹര്‍മ്മയായി. പോസ്റ്റാഫീസ് ക്യൂ പോസ്റ്റ് ആയി, മന്‍തഖ സനായി, പലതായി പുരോഗമിച്ചു. സൂഖ് മര്‍ക്കസി മാറ്റത്തിന്റെ മൂന്നാംപക്കത്തില്‍ എത്തി നില്‍ക്കുന്നു. അതുപോലെ പാസ്‌പോര്‍ട്ട് ഓഫീസും മൂന്നാമതൊരിടത്തിലാണ് ഇപ്പോഴുള്ളത്. അതിന് അനേകം ബ്രാഞ്ചുകളുമുണ്ടായി. മാറ്റങ്ങളിലൂടെ സൗകര്യം, സൗകര്യത്തിലൂടെ പുരോഗതി എന്നതാണ് ഖത്തറിന്റെ മുദ്രാവാക്യം. കാഫില യുഗത്തില്‍ നിന്നും കമ്പ്യൂട്ടര്‍യുഗത്തിലേക്കും നെറ്റ് വേള്‍ഡിലേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കും ലോകം വളര്‍ന്ന അതേ ആയത്തില്‍ ഖത്തറും മാറുകയായിരുന്നു.

20-ാം വയസ്സിലേക്ക് കാലെടുത്തു വെച്ച പ്രായത്തില്‍ ഖത്തറില്‍ വന്ന എനിക്കും വന്നു അനേക മാറ്റങ്ങള്‍. ഒട്ടേറെ സുഹൃദ്ബന്ധങ്ങള്‍, കളിയിലും കച്ചവടത്തിലും കലയിലും പലകയ്യൊപ്പുകള്‍. കാലത്തിന്റെ കാലൊച്ചകളെ കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചും ഞാന്‍ ഖത്തറിലൂടെ ഒഴുകിനടന്നു. കലാരംഗത്തും കച്ചവടരംഗത്തും സൗഹൃദ മേഖലയിലും തുണയും തണലുമായി നിന്ന അനവധി മുഖങ്ങളുണ്ട്. ഹൃദയഫലകത്തില്‍ തെളിഞ്ഞുനില്‍ക്കുന്നവര്‍. ആദരവുകളും അംഗീകാരങ്ങളുമായി പലതും എന്നെ തേടിയെത്തി. വാര്‍ത്താമാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചിലപ്പോഴൊക്കെ ചേര്‍ത്തുപിടിച്ചു. പല നാടുകളും കാണാന്‍ കഴിഞ്ഞു. പല സംസ്‌കാരങ്ങളെയും അടുത്തറിഞ്ഞു. അതെല്ലാം ജീവിതയാത്രയുടെ ധന്യമൂഹൂര്‍ത്തങ്ങളായി മനസ്സില്‍നിറഞ്ഞു നില്‍പ്പുണ്ട് .ആറേഴു ഭാഷകളുമായി അടുത്തിടപഴകാനും അനുഗ്രഹമുണ്ടായി.

എന്തൊക്കെയോ എഴുതാനുണ്ടെന്നും ആരെയൊക്കെയോ കാണാനുണ്ടെന്നും പലതും പറയാനുണ്ടെന്നും ചിലതൊക്കെ ചെയ്ത് തീര്‍ക്കാനുണ്ടെന്നും മനസ്സ് മന്ത്രിക്കും. നെറ്റ് യുഗത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോള്‍ നഷ്ടമായ ബന്ധങ്ങളുടെ ഊഷ്മളത തിരിച്ചു കിട്ടിയെങ്കില്‍ എത്ര നന്നാവുമായിരുന്നു എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്. മനുഷ്യ സ്വഭാവത്തിലെ ഏറ്റവും മുഖ്യ വിഷയം ആസ്വാദനമാണ്. ആസ്വദിക്കാന്‍ അനേകം വഴികള്‍ തുറന്നുവെച്ച നവയുഗത്തില്‍ മനുഷ്യ ബന്ധങ്ങള്‍ക്ക് എന്ത് പ്രസക്തി എന്നതാണു പൊതുവികാരം. ദാരിദ്ര്യത്തിന്റെ ഇടവഴികളില്‍ കൂടി തൊണ്ടുരുട്ടിനടന്നവര്‍ സമ്പന്നതയുടെ മൈതാനങ്ങളില്‍ ഗോളടിച്ചു തുടങ്ങിയപ്പോള്‍ സ്‌നേഹത്തണലുകള്‍ ഒന്നൊന്നായി നഷ്ടമാവുകയായിരുന്നു.


കോമ്പൗണ്ടുകളില്‍ നിന്നും ഫ്‌ലാറ്റുകളിലേക്കുള്ള താമസമാറ്റം ബന്ധങ്ങളുടെ കണ്ണികള്‍ അറുക്കുന്നതായിരുന്നു. തുറന്ന ഗെയിറ്റിലൂടെ കടന്നുവന്നവര്‍ നാലു പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലിഫ്റ്റിനുള്ളില്‍ വീര്‍പ്പുമുട്ടുകയാണ്. നെറ്റിലും ചാറ്റിലും ലോകത്തെ അറിയാന്‍ ശ്രമിക്കുന്നവര്‍ ആള്‍ക്കൂട്ടത്തിലെ ഏകാകികളാണ്. മുമ്പിലിരിക്കുന്നവന്റെ മുഖത്തല്ല, കൈയിലിരിക്കുന്നതിന്റെ സ്‌ക്രീനില്‍ മാത്രമാണ് നമ്മുടെ കണ്ണുകള്‍ ഉടക്കുന്നത്. ഏകാന്തതയിലേക്ക് വലിച്ചെറിയപ്പെടുന്ന മനുഷ്യരുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് കൊണ്ട് ഞാനിതവസാനിപ്പിക്കാം.

ഒലിച്ചു പോയ വെള്ളത്തെയോര്‍ത്ത് പുഴ കരയാറില്ല. പെയ്തുപോയ മേഘത്തെ ഓര്‍ത്ത് വാനിന് ആധിയില്ല. കൊഴിഞ്ഞുപോയ വസന്തത്തെയോര്‍ത്ത് പ്രകൃതി ദുഃഖിക്കുന്നില്ല. രാത്രിയോട് പുലരിയും പുലരിയോട് സന്ധ്യയും സന്ധ്യയോട് രാത്രിയും നന്ദി പറഞ്ഞിട്ടുണ്ടാവുമോ ആവോ? അവയെക്കാളൊക്കെ നിസ്സാരനായ ഞാനെന്തിന് കൊഴിഞ്ഞുപോയ ആയുസ്സിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെടണം!ഞാന്‍ സംതൃപ്തനാണ്. കാലവും ലോകവും തന്ന എല്ലാ സൗകര്യങ്ങള്‍ക്കും നിറഞ്ഞ മനസ്സിന്റെ സന്തോഷമറിയിക്കട്ടെ. 44ാം വര്‍ഷത്തിലേക്കു ചുവടുവയ്ക്കുമ്പോഴും നിങ്ങളെല്ലാവരും ഒപ്പമുണ്ടാവുമെന്ന ശുഭ പ്രതീക്ഷയോടെ നന്ദി- ജിപി

Related Articles

Back to top button
error: Content is protected !!