Breaking NewsUncategorized

ആറ് ദിവസങ്ങള്‍ കൊണ്ട് ആറ് രാജ്യങ്ങളിലൂടെ ഒറ്റക്ക് കാറില്‍ സഞ്ചരിക്കുകയെന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഷംനാസ് പാറായി

അമാനുല്ല വടക്കാങ്ങര

ദോഹ. കടുത്ത വേനല്‍കാലത്ത് ആറ് ദിവസം കൊണ്ട് ആറ് രാജ്യങ്ങളിലൂടെ ഒറ്റക്ക് കാറില്‍ യാത്ര ചെയ്യുകയെന്ന അതിസാഹസികമായ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ബേപൂര്‍ സ്വദേശിയും യു.എ.ഇ പ്രവാസിയുമായ ഷംനാസ് പാറായി തന്റെ ആസ്ഥാനമായ ഷാര്‍ജയില്‍ തിരിച്ചെത്തി. യു.എ.ഇ യില്‍ നിന്നാരംഭിച്ച് ഖത്തര്‍, സൗദി, ബഹറൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബേപ്പൂര്‍ പാറായി അബ്ദുല്‍ ഖാദര്‍ , ബുഷ്റ വലിയകത്ത് എന്നിവരുടെയും മകനായ സാഹസികനും യാത്രാ പ്രിയനുമായ ഷംനാസ് ഷാര്‍ജയില്‍ തിരിച്ചെത്തിയത്. ഗള്‍ഫിലെ കൊടും ചൂടുള്ള ജൂലൈ മാസം ഒറ്റക്കൊരു കാറില്‍ അയ്യായിരത്തോളം കിലോമീറ്ററുകള്‍ സഞ്ചരിക്കുകയെന്ന അതിസാഹസികമായ ദൗത്യമാണ് ഈ മലയാളി യുവാവ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

യാത്രയുടെ തുടക്കത്തില്‍ തന്നെ ഖത്തറിലെത്തിയ അദ്ദേഹത്തെ സുഹൃത്ത് ഷാഫി പിസി പാലം ഇന്റര്‍നാഷണല്‍ മലയാളിക്ക് പരിചയപ്പെടുത്തുകയും ഈ സവിശേഷ യാത്രയെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഷാര്‍ജയില്‍ തിരിച്ചെത്തിയ ഉടനെ തന്നെ തന്റെ യാത്രക്ക് നല്‍കിയ മികച്ച കവറേജിന് നന്ദി പറഞ്ഞുകൊണ്ടാണ് ഷംനാസ് സംഭാഷണം തുടങ്ങിയത്. ഓണ്‍ ലൈന്‍ പോര്‍ട്ടലായതിനാല്‍ സ്വന്തക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് വാര്‍ത്ത വായിച്ച ശേഷം ബന്ധപ്പെട്ടതെന്ന് ഷംനാസ് പറഞ്ഞു.

യാത്രകളെ സ്നേഹിക്കുന്ന ഷംനാസ് കുറച്ചു നാള്‍ കുടുംബത്തോടൊപ്പം മുംബെയില്‍ ചുറ്റിക്കറങ്ങിയാണ് യു.എ.ഇയില്‍ തിരിച്ചെത്തിയത് .മിര്‍ഫയാണ് ഭാര്യ .നിസ്വ , മുഹമ്മദ് ഷാസ്, ആലിം എന്നിവര്‍ മക്കളാണ്. ഓരോ രാജ്യത്തെയും വിസ നിയമങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനും അടുത്ത യൂറോപ്യന്‍ യാത്രക്കുള്ള മുന്നൊരുക്കം കൂടിയാണ് ഈ യാത്ര .തന്റെ ഫോര്‍ഡ് എക്സ്പ്ലോറര്‍ കാറില്‍ തനിച്ചായിരുന്നു ഗള്‍ഫിലെ കൊടും ചൂടിലില്‍ അദ്ദേഹത്തിന്റെ യാത്ര .

അല്‍ഹംദുലില്ലാഹ് ഒരുപാട് നാള്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം പൂര്‍ത്തീകരിച്ചതിനു സര്‍വശക്തനായ അല്ലാഹുവിനെ സ്തുതിക്കുന്നു.ഉദ്ദേശിച്ച പോലെ ആറു ദിവസത്തെ യാത്രക്ക് ശേഷം ഇന്നലെ ( ജൂലൈ 23 ന് കാലത്തു യു എ യിലെ ഷാര്‍ജയില്‍ തിരിച്ചെത്തി. വിവിധ രാജ്യങ്ങളിലെ നിരവധി സുഹൃത്തുക്കളെ കാണാനായതിനപ്പുറം മുഹര്‍റം മാസത്തിന്റെ തുടക്കത്തില്‍ ഉംറ നിര്‍വഹിക്കാനും കഅബാ ഷെരീഫിന്റെ കിസ്വവ മാറ്റുന്നത് കാണാനും സാധിച്ചുവെന്നതിന്റെ ഈ യാത്രയുടെ മാധുര്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഷംനാസ് പറഞ്ഞു.

യാത്രകള്‍ എന്നും എല്ലാവര്‍ക്കും ഒരുപാട് കാഴ്ചകളും കാഴ്ചപ്പാടുകളും അറിവുകളും അനുഭവങ്ങളും സമ്മാനിക്കും. പ്രത്യേകിച്ചു ഇതുപോലെയുള്ള യാത്രകള്‍ വലിയ ഉള്‍കാഴ്ചയും പാഠങ്ങളും പകര്‍ന്നു നല്‍കും. അതുകൊണ്ട് തന്നെ ഈ യാത്രയില്‍ മനസിലാക്കിയ ഏതാനും കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാം.

നമ്മുടെ വാഹനം ലോങ്ങ് ഡ്രൈവിന് എല്ലാ അര്‍ത്ഥത്തിലും ഓക്കേ ആണോ എന്ന് യാത്രക്ക് മുന്നേ ചെക്ക് ചെയ്തു ഉറപ്പു വരുത്തണം. ഓയില്‍, റേഡിയേറ്റര്‍, കൂളന്റ്, സ്റ്റെപ്പിനിയടക്കമുള്ള ടയറുകള്‍ എല്ലാം ചെക്ക് ചെയ്തു ഉറപ്പു വരുത്തണം. ആവശ്യത്തിന് വെള്ളവും കൂള്ളന്റും കരുതുന്നത് നല്ലതാണ്.

കഴിയുന്നതും രാത്രിയിലുള്ള ലോങ്ങ് ഡ്രൈവ് ഒഴിവാക്കണം. മാക്‌സിമം ദൂരം സൂര്യാസ്തമയത്തിനു മുന്നായി കവര്‍ ചെയ്യാന്‍ ശ്രമിക്കണം.

ചൂടുള്ള കാലാവസ്ഥയില്‍ ഇതുപോലുള്ള ദൂരയാത്ര പോകുമ്പോള്‍ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ വാഹനം നിര്‍ത്തി നാല് ടയറുകളും വെള്ളം ഒഴിക്കുകയും ഒരു ഇരുപതോ മുപ്പതോ മിനിറ്റ് വാഹനം ഓഫ് ചെയ്തു ചെറിയ ഇടവേള എടുത്തു യാത്ര ചെയ്യുന്നതും നല്ലതാകും. പെട്രോള്‍ പമ്പുകളോ ട്രക്ക് പാര്‍ക്കിംഗ് ഏരിയകളോ ഇതിനായി ഉപയോഗിക്കാം.

പുറം രാജ്യങ്ങളില്‍ വാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിനു മുമ്പായി നമ്മുടെ ബാങ്ക് എടിഎം ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് പമ്പിലെ പേയ്‌മെന്റ്‌റ് മെഷീനില്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. കാരണം കുവൈറ്റില്‍ ഒട്ടുമിക്ക പെട്രോള്‍ പമ്പിലും പെട്രോള്‍ അടിക്കാന്‍ കുവൈറ്റ് കെ നെറ്റ് പേയ്‌മെന്റ് ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് കാര്‍ഡുകള്‍ അല്ലെങ്കില്‍ കാഷ് പേയ്‌മെന്റ്‌റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. പെട്രോള്‍ പമ്പിലെ സൂപ്പര്‍മാര്‍ക്കറ്റ്, ഫുഡ്കോര്‍ട്ട് എന്നിവിടങ്ങളില്‍ ഇത് പ്രശ്‌നമില്ല. ഭക്ഷണത്തിനോ മറ്റു സാധനങ്ങള്‍ വാങ്ങുന്നതിനോ നമ്മുടെ ഇന്റര്‍നാഷണല്‍ വിസ മാസ്റ്റര്‍കാര്‍ഡ് ഉപയോഗിക്കാം. സൗദിയിലും ഇതുപോലെ മഡാ പേയ്‌മെന്റ് ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഷീനുകളാണ്. അത് കൊണ്ട് നമ്മുടെ ബാങ്ക് കാര്‍ഡുകള്‍ അതില്‍ പ്രവര്‍ത്തിക്കുമോ എന്ന് പമ്പിലെ ജീവനക്കാരോട് ചോദിച്ചു മനസിലാക്കണം. കഴിയുന്നതും അതാത് രാജ്യത്തെ കറന്‍സി ആവശ്യത്തിന് കരുതുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഇന്ധനാവശ്യത്തിനും ഭക്ഷണത്തിനും ഇത് ഉപകാരപ്പെടും.
ബോര്‍ഡര്‍ ക്രോസില്‍ പാസ്‌പോര്‍ട്ട് ഇമ്മിഗ്രേഷന്‍ കൗണ്ടറില്‍ നിന്നും നമുക്ക് ലഭിക്കുന്ന ചെറിയ കടലാസ് തുണ്ടുകള്‍ (എക്‌സിറ്റ്/എന്‍ട്രി/കസ്റ്റംസ് മറ്റു വാഹന ഡീറ്റെയില്‍സ് ഉള്ള കടലാസ് തുണ്ടുകള്‍) സൂക്ഷിച്ചു വെക്കണം. കാരണം റോഡ് വഴി ബോര്‍ഡര്‍ ക്രോസ്സ് ചെയ്തവര്‍ക്കു അറിയുമായിര്‍ക്കും പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കസ്റ്റംസ് ചെക്കിങ് ഒക്കെ കഴിഞ്ഞാല്‍ അവസാനം ഗേറ്റില്‍ ഈ കടലാസ് കൊടുത്താലേ അവര്‍ ഗേറ്റ് ഓപ്പണ്‍ ആകാറുള്ളു.

യാത്രാ രേഖകളും പണവും ഭദ്രമായി സൂക്ഷിക്കുക. സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ മാത്രമേ വണ്ടി നിര്‍ത്തി വിശ്രമിക്കാവൂ.

ഓരോ രാജ്യത്തിേെന്റയും എന്‍ട്രി വിസ, ബോര്‍ഡര്‍ ക്രോസില്‍ പാലിക്കേണ്ട മറ്റുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് പോകുന്നതിനു മുമ്പ് മനസിലാക്കി ഉറപ്പു വരുത്തണം. ഇത്തരം എല്ലാ വിവരങ്ങളും നമുക്ക് ഇന്റര്‍നെറ്റ് ഗൂഗിള്‍ വഴി നേടിയെടുക്കാം.

യാത്രയിലെ വിശേഷങ്ങള്‍ ഒരിക്കലും അവസാനിക്കില്ല. ഓരോ യാത്രയും നമ്മുടെ മറക്കാനാവാത്ത ഓര്‍മകളാണ്. മറ്റേതോ വിശാലമായ യാത്രകളുടെ സ്വപ്‌നവും ആശയുമാണ്.

ഗള്‍ഫ് രാജ്യത്തു പടര്‍ന്നു നില്‍ക്കുന്ന എന്റെ സ്വന്തം നാട്ടുക്കാരെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും അവര്‍ നില്‍ക്കുന്ന സ്ഥലത്തുപോയി കണ്ട സന്തോഷത്തോടെയാണ് ഈ കുറിപ്പ് ഞാന്‍ നിര്‍ത്തുന്നത്. കൂടുതല്‍ യാത്ര വിശേഷങ്ങള്‍ അറിയാന്‍ ഷംനാസ് പാറായി ((ഷംനു കോഴിക്കോട്) 971-556558243 (കാള്‍, വാട്‌സ് ആപ്പ് ) +971564773053 (കോള്‍ മാത്രം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!