IM SpecialUncategorized

ജനുവരി 9 പ്രവാസി ഭാരതീയ ദിനം: പ്രവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പ്രവാസി ബന്ധു ഡോ.എസ് അഹ് മദിന്റെ ജീവിത യാത്രയിലൂടെ

ജനുവരി 9, മറ്റൊരു പ്രവാസി ഭാരതീയ ദിനം കൂടി കടന്നുവരുന്നു. 1915 ജനുവരി 9 നാണ് സംഭവ ബഹുലമായ രണ്ട് പതിറ്റാണ്ടിന്റെ പ്രവാസമവസാനിപ്പിച്ച് രാഷ്ടപിതാവ് മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയില്‍ നിന്നും തിരിച്ച് ഇന്ത്യയിലെത്തിയത്. ഈ ഓര്‍മക്കാണ് 2003 മുതല്‍ ജനുവരി 9 പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നത്. എന്നാല്‍ 2002 മുതല്‍ തന്നെ പ്രവാസി ദിനാഘോഷം മുടങ്ങാതെ ആഘോഷിക്കുന്ന ഒരു മലയാളിയുണ്ട്. പ്രവാസി ബന്ധു ഡോ. എസ്. അഹ് മദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഒരു പക്ഷേ പ്രവാസി വകുപ്പും നോര്‍ക്കയും പ്രവാസി ദിനാഘോഷവുമൊക്ക ഉണ്ടാകുന്നതിന് കാരണക്കാരനായ ഈ തിരുവനന്തപുരത്തുകാരനെ പ്രവാസികളെങ്കിലും ഓര്‍ക്കണം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ഇന്നും നാളെയും മറ്റെന്നാളുമായി ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോ, പരിപാടികള്‍ തിരുവനന്തപുരത്ത് നടക്കുകയാണ്.

കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രവാസി ഭാരതീയ ദിനാഘോഷ പരിപാടികള്‍ ഒന്നര വിട്ട വര്‍ഷങ്ങളിലാണ് നടക്കാറുള്ളതെങ്കിലും ഓരോ വര്‍ഷവും മുടങ്ങാതെ പ്രവാസി ഭാരതീയ ദിനാഘോഷങ്ങള്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പ്രവാസി ബന്ധു ഡോ.എസ് അഹ് മദ്. പ്രവാസത്തിന് നിരവധി പ്രയാസങ്ങളുണ്ടായേക്കാമെങ്കിലും എല്ലാ വെല്ലുവിളികളേയും അവസരങ്ങളാക്കി പ്രയോജനപ്പെടുത്തണമെന്നാണ് അഹ് മദിന്റെ നിലപാട്.

പ്രവാസി ബന്ധു ഡോ.എസ് അഹ് മദിന്റെ ജീവിതം തികച്ചും പ്രവാസികള്‍ക്കായി ഉഴിഞ്ഞുവെച്ചതാണ് . മൂന്ന് പതിറ്റാണ്ടോളം പ്രവാസിയായി ജീവിക്കുകയും പ്രവാസ ജീവിതത്തിന്റെ തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുകയും ചെയ്ത അദ്ദേഹം പ്രായം പോലും വകവെക്കാതെ പ്രവാസി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും സാധ്യമായ പരിഹാരങ്ങള്‍ക്കായി നിരന്തരം പോരാടുകയും ചെയ്യുന്നു. 73 ന്റെ നിറവിലും ഒരു യുവാവിന്റെ ചുറുചുറുക്കോടെ കേരളത്തിലങ്ങോളമിങ്ങോളം ഓടി നടക്കുന്ന പ്രവാസി ബന്ധു ഡോ. അഹ് മദ് പൊതുപ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകമാണ് .പ്രവാസി പെന്‍ഷനും പ്രവാസകള്‍ക്ക് അര്‍ഹമായ അവകാശങ്ങളും നേടിക്കൊടുക്കുന്നതിനും അത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും നൂറ് കണക്കിന് പരിപാടികളാണ് അഹ് മദിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ ഡോ.എസ്. അഹമ്മദ് പുരാതന പത്രപ്രവര്‍ത്തക കുടുംബാംഗമാണ്. 30 വര്‍ഷം പ്രവാസ ജീവിതം നയിച്ച അദ്ദേഹം ഇന്ത്യയിലാദ്യമായി 1988 ല്‍ പ്രവാസി സംഘടനക്കു രൂപം നല്‍കുകയും പ്രവാസികള്‍ക്കു സംഘടിതാ ബോധം പകരാന്‍ പരിശ്രമിക്കുകയും ചെയ്തു. ഒരു സാധാരണ ജോലിക്കാരനായി വന്ന് ഒരേ കമ്പനിയില്‍ 30 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത് കമ്പനിയുടെ ഡിവിഷണല്‍ മാനേജറായി വിരമിച്ചാണ് അഹ് മദ് നാട്ടിലേക്ക് മടങ്ങിയത് എന്നത് അദ്ദേഹത്തിന്റെ സ്ഥിരോല്‍സാഹത്തിന്റേയും ലക്ഷ്യബോധത്തിന്റേയും നിദര്‍ശനമാണ് .

1996 ല്‍ കേരളത്തില്‍ നോര്‍ക്കാവകുപ്പും 2002 ല്‍ കേന്ദ്ര സര്‍ക്കാരില്‍ പ്രവാസി വകുപ്പും രൂപീകരിക്കുന്നതിന് പിന്നില്‍ എസ്. അഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച പ്രവാസി ഭാരതീയ ദിനാഘോഷം കഴിഞ്ഞ 22 വര്‍ഷമായി കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് .

ഇന്ത്യന്‍ പ്രസിഡണ്ടില്‍ നിന്നും പ്രവാസി ബന്ധു നാമകരണപത്രിക സ്വീകരിച്ച അദ്ദേഹത്തിന്റെ സപ്തതിയോടനുബന്ധിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ് സപ്തതി സ്റ്റാമ്പ് ഫോട്ടോ ആലേഖനം ചെയ്ത് പുറത്തിറക്കിയിരുന്നു. കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.അദ്ദേഹത്തിന്റെ സപ്തതി ഉദ്ഘാടനം കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാപനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുമായിരുന്നു നിര്‍വഹിച്ചത് എന്നത് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്.

ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയ്മുമടക്കം ദേശീയവും അന്തര്‍ ദേശീയവുമായ 200 ല്‍ പരം പുരസ്‌ക്കാരങ്ങള്‍ നേടിയ അദ്ദേഹം വിശ്രമമില്ലാതെ സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിലെ നിറസാന്നിധ്യമായി നിലകൊള്ളുകയാണ് .

ഇന്ത്യയുടെ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും അതിന് സൗകര്യമൊരുക്കിയ ഗള്‍ഫ് രാജ്യങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഡോ.എസ്.അഹ് മദ് കരുതുന്നത്.
ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് ഗള്‍ഫ് പ്രവാസം വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. പ്രവാസികളെ ഈയര്‍ഥത്തില്‍ പരിഗണിക്കുകയും അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ഉറപ്പാക്കുകയും വേണം.

പ്രവാസി പെന്‍ഷന്‍, പുനരധിവാസ പദ്ധതി തുടങ്ങി പ്രവാസികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്നുണ്ട്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ ഇനിയും കുറേ പരിഹരിക്കാനുണ്ട്. അതിനുളള നിരന്തര ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇത്തരം ആവശ്യങ്ങളോട് ഗവണ്‍മെന്റുകളുടെ അനുകൂലമായ നിലപാടുണ്ടാവണം. അതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളുമായും നിരന്തരമായ ആശയവിനിമയം നടത്തിവരികയാണ്.

പ്രവാസി ഭാരതീയ ദിനം ഒരോര്‍മപ്പെടുത്തലാണ്. നിശ്ചിത കാലം പ്രവാസ ലോകത്ത് ചിലവഴിച്ച് ഓരോരുത്തരും അവരവരുടെ നാടുകളിലേക്ക് തിരിച്ച് പോവേണ്ടവരാണ്. പ്രവാസം സാര്‍ഥസമാക്കി വെറും കയ്യോടെ തിരിച്ചുപോകില്ലെന്ന പ്രതിജ്ഞയും ദൃഡനിശ്ചയുമാണ് ഈ സന്ദര്‍ഭം ആവശ്യപ്പെടുന്നത്. പ്രവാസ ലോകത്തും നാട്ടിലും നമ്മുടെ നിയോഗം നിറവേറ്റുകയാണ് പ്രധാനം. പ്രവാസ ലോകത്തുനിന്നും ആര്‍ജിച്ച ലോകപരിചയവും അനുഭവങ്ങളും നാട്ടിലെ പുരോഗതിക്കും വികസനത്തിനും പ്രയോജനപ്പെടുത്താനാവണം.

പ്രവാസികള്‍ കേവലം മെഴുകുതിരികളാവാതെ തങ്ങളുടെ ഭാവിയെക്കുറിച്ചും ഗൗരവത്തില്‍ ആലോചിക്കണം. ആരോഗ്യവും ആയുസ്സും ക്രിയാത്മകമായി വിനിയോഗിച്ച് വ്യക്തിപരവും സാമൂഹികവുമായ കടപ്പാടുകള്‍ സാക്ഷാല്‍ക്കരിക്കുമ്പോഴാണ് പ്രവാസം സാര്‍ഥകമാകുന്നത്. നീണ്ട കാലം പ്രവാസ ലോകത്ത് ചിലവഴിച്ച് വൈവിധ്യങ്ങളായ ആരോഗ്യ പ്രശ്‌നങ്ങളുമായി തിരിച്ചുവരുന്ന ദുരവസ്ഥ ഒഴിവാക്കുവാന്‍ പ്രവാസി സമൂഹം ജാഗ്രത പാലിക്കണമെന്നാണ് അഹ് മദിന് പ്രവാസികളോട് പറയുവാനുള്ളത്. എന്തൊക്കെ ആവശ്യങ്ങളുണ്ടായാലും നാളെക്ക് വേണ്ടി എന്തെങ്കിലും നീക്കിയിരിപ്പ് ഉറപ്പുവരുത്തണം.
സാധ്യമാകുന്ന ക്ഷേമ പദ്ധതികളില്‍ ചേര്‍ന്നും സുരക്ഷിതമായ നിക്ഷേപങ്ങള്‍ നടത്തിയും പ്രവാസം പ്രയോജനപ്പെടുത്തണം.

പ്രവാസി കൂട്ടായ്മകളുടെ ശക്തിയും ഓജസ്സും ദീര്‍ഘവീക്ഷണത്തോടെ പ്രയോജനപ്പെടുത്തിയാല്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകും. ഇത്തരം കാര്യങ്ങളില്‍ സജീവമായ ചര്‍ച്ചകളും വിശകലനങ്ങളും വേണം.

പ്രവാസികള്‍ ഇന്ത്യയുടെ സാംസ്‌കാരിക സ്ഥാനപതികളാണെന്നും ജോലി ചെയ്യുന്ന നാടിനോടും സംസ്‌കാരത്തോടും ആദരവ് നിലനിര്‍ത്തി രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ പരിശ്രമിക്കണമെന്നും  അഹ് മദ്  ഓര്‍മിപ്പിക്കുന്നു. സാമൂഹികവും സാംസ്‌കാരികവുമായ ആദാനന പ്രദാനങ്ങളിലൂടെ നേടിയെടുക്കുന്ന ഗുണഗണങ്ങള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കാനായാല്‍ പ്രവാസം കൂടുതല്‍ ക്രിയാത്മകമാകും.

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യയിലെ ആദ്യ പ്രവാസി മുഖപത്രമായ പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നു. നാടക നടന്‍ , ചലച്ചിത്ര നിര്‍മ്മാതാവ്, പത്രപ്രവര്‍ത്തകന്‍ പ്രസംഗകന്‍ എന്നിവക്ക് പുറമേ കനല്‍ ചില്ലകള്‍ എന്ന പുസ്തകത്തിന്റെ  കര്‍ത്താവ് കൂടിയാണ് ഡോ. അഹ് മദ്

Related Articles

Back to top button
error: Content is protected !!