Local News

മോളിവുഡ് മാജിക്കിനൊരുങ്ങി 974 സ്റ്റേഡിയം, മമ്മുട്ടിയും മറ്റു താരങ്ങളും ഖത്തറില്‍ എത്തി


സുബൈര്‍ പന്തീരങ്കാവ്

ദോഹ. ഖത്തറിലെ വിനോദ പരിപാടികളിലെ ഏറ്റവും വലിയ താരമാമാങ്കമായേക്കാവുന്ന മോളിവുഡ് മാജിക്കിനൊരുങ്ങി 974 സ്റ്റേഡിയം, മമ്മുട്ടിയും മറ്റു താരങ്ങളും ഖത്തറില്‍ എത്തി.
നൈന്‍ വണ്‍ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക് ഇന്ന് രാത്രി 7മണിക്ക് ലോകകപ്പ് സ്റ്റേഡിയമായ 974 സ്റ്റേഡിയത്തില്‍ അരങ്ങേറും.
ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഗേറ്റ് തുറക്കും വൈകിട്ട് ഏഴുമണിക്ക് പ്രോഗ്രാം ആരംഭിക്കും.

വിനോദപരിപാടികള്‍ക്കായി ഒരുക്കുന്ന ദോഹയിലെ സ്റ്റേജ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അരങ്ങായിരിക്കും. കഴിഞ്ഞ ലോകകപ്പില്‍ മെസ്സിയും നെയ്മറും എല്ലാം പന്ത് തട്ടിയ സ്റ്റേഡിയം കൂടിയാണ് ഇത്.

കലയും കായികവും ഒരുപോലെ കാണുന്ന വലിയൊരു ജനതയാണ് മോളിവുഡ് മാജിക്കിനായി കാത്തിരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എഴുന്നൂറോളം തൊഴിലാളികള്‍ രാപകല്‍ ഇല്ലാതെ അദ്ധ്വാനിച്ചാണ് വേദിയുടെ അവസാന വട്ട മിനുക്ക് പണികള്‍ നിര്‍വഹിക്കുന്നത്.

പ്രവാസി മണ്ണില്‍ മലയാള സിനിമാലോകം ഇത്ര വിപുലമായ പരിപാടി ഒരുക്കുന്നത് ഇതാദ്യമായാണ്.

ഏകദേശം 58 മീറ്റര്‍ വീതിയും 14 മീറ്റര്‍ ഉയരവും ഉള്ള വേദി മികച്ച കാഴ്ചാനുഭവമാണ് പ്രദാനം ചെയ്യുക .

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ പരിപാടിയുടെ ഭാഗമായി ഖത്തറില്‍ എത്തിക്കഴിഞ്ഞു.

കാഴ്ചകള്‍ കൊണ്ടും ഉള്ളടക്കം കൊണ്ടും എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമാ ലോകം ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. കെട്ടിലും മട്ടിലും പുത്തന്‍ കാഴ്ചാ അനുഭവവുമായി 974 സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ മലയാള സിനിമയിലെ ഇതിഹാസങ്ങളും പിന്മുറക്കാരും മാറ്റുരയ്ക്കും.