Local News

ലൂയിസ് ഫിലിപ്പും വാന്‍ ഹ്യൂസണും ആഗോള സാന്നിധ്യം വിപുലീകരിക്കുന്നു; ഖത്തറില്‍ രണ്ട് പുതിയ സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തു


അമാനുല്ല വടക്കാങ്ങര

ദോഹ. ഫാഷന്‍ ലോകത്തെ രണ്ട് പ്രമുഖ ബ്രാന്‍ഡുകളായ ലൂയിസ് ഫിലിപ്പും വാന്‍ ഹ്യൂസനും ഖത്തറില്‍ രണ്ട് പുതിയ സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തു.

എച്ച്കെ ഗ്രൂപ്പുമായുള്ള തന്ത്രപരമായ സഹകരണത്തോടെ ഖത്തറിലെ പ്രമുഖ ആഡംബര ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളിലൊന്നായ മാള്‍ ഓഫ് ഖത്തറിന്റെ ഒന്നാം നിലയിലാണ് പുതിയ എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ തുറന്നത്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മനോജ് കെ ജയനും പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ഷോറൂമുകള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡ് പ്രസിഡണ്ട് ജോണ്‍ ജേക്കബ്, എച്ച്.കെ.ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.പി ഹസന്‍ കുഞ്ഞി, ഹസന്‍ മാലല്ലാഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.

പ്രമുഖ ബഹുരാഷ്ട്ര കൂട്ടായ്മയായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡിന്റെ പ്രമുഖ ബ്രാന്‍ഡുകളാണ് ലൂയിസ് ഫിലിപ്പും വാന്‍ ഹ്യൂസണും.
എച്ച്കെ ഗ്രൂപ്പുമായുള്ള തങ്ങളുടെ രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വ്യാപാര ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും ഖത്തറിലെ പ്രമുഖ മാളുകളിലൊക്കെ സാന്നിധ്യം അടയാളപ്പെടുത്താന്‍ ശ്രമിക്കുമെന്നും ജോണ്‍ ജേക്കബ് പറഞ്ഞു.