
എഞ്ചിനീയേര്‍സ് കപ്പ് 25 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എം ഇ എ എന്‍ജിനീയറിങ് കോളേജ് ഖത്തര്‍ ചാമ്പ്യന്മാര്‍
ദോഹ. എ ഡബ്ല്യു എച്ച് എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച എഞ്ചിനീയേര്‍സ് കപ്പ് 25 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എം ഇ എ എന്‍ജിനീയറിങ് കോളേജ് ഖത്തര്‍ വിജയികളായി. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഖിഫ് പ്രസിഡന്റ് ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് എഞ്ചിനീയര്‍സ് ഫോറം ഖത്തര്‍ ജോയിന്റ് സെക്രട്ടറി ലബീബ് വി ടി ആശംസകള്‍ അര്‍പ്പിച്ചു .
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് അലുംനിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് എം ഇ എ ചാമ്പ്യന്‍മാരായത്. കളി കാണാന്‍ എത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഡ്രോയിങ് മത്സരം, ലേഡീസ് & കിഡ്‌സ് ഷൂട്ടൗട്ട് മത്സരം തുടങ്ങിവയും സംഘടിപ്പിച്ചു.
വിജയികള്‍ക്കുള്ള ട്രോഫിയും പ്രൈസ് മണിയും ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, ബിയന്‍കോ ഖത്തര്‍ ചെയര്‍മാന്‍ ഷംസീര്‍ തുടങ്ങിവര്‍ ചേര്‍ന്നു വിതരണം ചെയ്തു. ടൂര്‍ണമെന്റിനു എ ഡബ്ല്യു എച്ച് ഖത്തര്‍ അലുമിനി അംഗങ്ങള്‍ നേതൃത്വം നല്‍കി.