Local News

‘ഹൃദയപൂര്‍വം മോഹന്‍ലാല്‍’ ഒക്ടോബര്‍ 16 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍

ദോഹ. ഹൃദയപൂര്‍വം മോഹന്‍ലാല്‍ ഒക്ടോബര്‍ 16 ന് ഖ്യൂ.എന്‍.സി.സിയില്‍ നടക്കും. കലകളുടെയും സംസ്‌കാരത്തിന്റെയും പൈതൃകഭൂമിയായ ഖത്തറില്‍ 19വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ എത്തുന്ന കലാവിരുന്നാണ് ഹൃദയപൂര്‍വം മോഹന്‍ലാല്‍.

റെഡ് ആപ്പിള്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ബാനറില്‍ ഖത്തറിലെ പ്രമുഖ വ്യവസായികളും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളായ ജോണ്‍ തോമസും മിബു ജോസുമാണ് ഹൃദയപൂര്‍വം മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്നത് . സ്റ്റേജ്, ലൈവ് ഇവന്റ് പ്രൊഡക്ഷനുകളില്‍ 25 വര്‍ഷത്തിലേറെ പരിചയമുള്ള എന്‍ വി അജിത് സംവിധാനം നിര്‍വഹിക്കുന്നു , മഞ്ജു മനോജാണ് പ്രോഗ്രാം കണ്‍വീനര്‍.
ക്യാമറയ്ക്കു മുന്നിലെ തിരക്കുകള്‍ക്കിടയിലും എന്നും അരങ്ങിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മോഹന്‍ലാലിനൊപ്പം ഒരു വമ്പന്‍ താരനിരതന്നെ അണിനിരക്കുന്നുണ്ട്. മികച്ചഗായകര്‍ കൂടിയായ സിദ്ദിക്ക് , മനോജ് കെ ജയന്‍ എന്നിവര്‍ക്കൊപ്പം ലോകപ്രശസ്ത പരസ്യസംവിധായകന്‍ പ്രകാശവര്‍മ്മയും സ്റ്റേജിലെത്തുന്നു. അരങ്ങിലെ മിന്നല്പിണറുകളായ വിധുപ്രതാപ് – റിമി ടോമി സഖ്യമാണ് ഗായകരിലെ പ്രമുഖര്‍. ഒപ്പം മലയാളസംഗീതത്തിലെ പുതുപ്രതിഭകളായ ലിബിന്‍ സ്‌കറിയ, ശ്രീരാഗ് ഭരതന്‍, നന്ദ ദേവന്‍, ശ്രുതിശിവദാസ് എന്നിവരും പങ്കുചേരുന്നു.

സമീപകാലചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ റംസാന്‍ മുഹമ്മദിനെ കൂടാതെ മികച്ച നര്‍ത്തകിമാരായ ശ്രുതിലക്ഷ്മി, ദില്‍ഷാ പ്രസന്നന്‍, ഒപ്പം പുതുമുഖ നായികമാരായ മോക്ഷ, ഭാമഅരുണ്‍ എന്നിവരും നൃത്തച്ചുവടുകളുമായി എത്തുന്നു. അവതരണത്തിന്റെ അഴകുമായി നടിയും ഗായികയുമായ മീരാ നന്ദനും കൂടുന്നു.

രണ്ട് പതിറ്റാണ്ടുകളായി ഖത്തറില്‍ നിരവധി പരിപാടികള്‍ ഒരുക്കിയ റെഡ് ആപ്പിള്‍ ഇവന്റ് മാനേജ്മെന്റിന്റെ സാരഥികള്‍ ജാസിം മുഹമ്മദ് (സിഇഒ), വിക്കി (ഓപ്പറേഷന്‍സ് ഡയറക്ടര്‍), ജൂലിയ മരിയ ജോസഫ് (ബിസിനസ് എക്‌സിക്യൂട്ടീവ്) എന്നിവരാണ്.