Local News

എ.ഐ. യുഗത്തില്‍ ആജീവനാന്തം പഠനം: കെയര്‍ ദോഹ കാമ്പയിന്‍ ശ്രദ്ധേയമായി

ദോഹ: നിര്‍മ്മിത ബുദ്ധിയുടെ വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ച് ചര്‍ച്ച ചെയ്യാനും പുതിയ കാലഘട്ടത്തിനനുസരിച്ച് പ്രൊഫഷണലുകളെ സജ്ജരാക്കാനുമായി ‘കരിയര്‍ അസിസ്റ്റന്‍സ് റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ‘( കെയര്‍) സംഘടിപ്പിച്ച എ.ഐ. യുഗത്തില്‍ ആജീവനാന്തം പഠനം എന്ന വിജ്ഞാന കാമ്പയിന്‍ ശ്രദ്ധേയമായി. ഒക്ടോബര്‍ 10 ന് ആരംഭിച്ച് നവംബര്‍ 1 ന് സമാപിച്ച വിപുലമായ ഈ കാമ്പയിനില്‍ ഖത്തറിലെ വിദ്യാര്‍ത്ഥികളും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുമായി നിരവധി പേര്‍ പങ്കെടുത്തു.

എംപവറിംഗ് മൈന്‍ഡ്‌സ് , ഷേപ്പിംഗ് ഫ്യൂച്ചേര്‍സ് എന്ന പ്രമേയത്തില്‍ തുടര്‍ പഠനം, സ്‌കില്‍ ഡലവപ്‌മെന്റ് എന്നിവ അടിസ്ഥാനമാക്കി വിവിധ സെഷനുകള്‍, വര്‍ക്ക്ഷോപ്പുകള്‍, കരിയര്‍ കഫേ, പാനല്‍ ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ചു.

കാമ്പയിനിലെ വിവിധ സെഷനുകളില്‍ പ്രമുഖര്‍ നേതൃത്വം നല്‍കി. യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ച കാമ്പയിനിന്റെ ആദ്യ സെഷനില്‍ ഡോ. മുഹമ്മദ് ഷാക്കിര്‍ എ.ഐ. യുഗത്തില്‍ ആജീവനാന്ത പഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ സംസാരിച്ചു. എ.ഐ. സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തുടര്‍ച്ചയായ പഠനം എങ്ങനെ അത്യാവശ്യമാകുന്നു എന്ന് അദ്ദേഹം അടിവരയിട്ടു.

എച്ച്.ആര്‍. & അഡ്മിന്‍ മേഖലയില്‍ നടത്തിയ സെഷന് ഡോ. താജ് അലുവ നേതൃത്വം നല്‍കി.

സംരംഭകത്വം പ്രമേയത്തില്‍ നുവൈദ് പോക്കര്‍ സെഷന്‍ നടത്തി.

ഫിനാന്‍സ് മേഖലക്കായി നടത്തിയ വര്‍ക്ക്ഷോപ്പില്‍ സല്‍മാന്‍ പി ബാവ, അബ്ദുള്‍ റഊഫ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. എ.ഐ.യുടെ സഹായത്തോടെ പ്രതിമാസ, വാര്‍ഷിക ക്ലോസിംഗ്, എം.ഐ.എസ്. റിപ്പോര്‍ട്ടിംഗ് എന്നിവ എങ്ങനെ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ച് അവര്‍ പ്രായോഗിക പരിശീലനം നല്‍കി.

എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കായുള്ള സെഷനില്‍, കരിയര്‍ ഗ്രോത്ത് സ്ട്രാറ്റജിസ്റ്റായ അലി അജ്മല്‍ കുഴിക്കാട്ടത്തൊടി സംസാരിച്ചു. എഞ്ചിനീയര്‍മാര്‍ക്ക് അവരുടെ കരിയര്‍ വളര്‍ത്താനുള്ള വ്യക്തമായ ദിശാബോധം അദ്ദേഹം നല്‍കി.

ഖത്തര്‍ സുസ്ഥിരതാ വാരത്തിന്റെ ഭാഗമായി നടന്ന സമാപന സെഷന് അര്‍ഷാദ് ഇ നേതൃത്വം നല്‍കി. ഡാറ്റാ സയന്‍സിന്റെ സാധ്യതകളെക്കുറിച്ചും വിവിധ പ്രൊഫഷനുകളിലുള്ള അതിന്റെ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഈ കാമ്പയിന്‍ ആധുനിക സാങ്കേതികവിദ്യയുടെ യുഗത്തില്‍ അറിവ് നേടുന്നതിനും പ്രൊഫഷണല്‍ മികവ് വര്‍ദ്ധിപ്പിക്കുന്നതിനും സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടായി മാറിയെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
അഹമ്മദ് അന്‍വര്‍, അബ്ദുറഹീം, ഷംസീര്‍, മുഹ്‌സിന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.