Local News

മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സ് കുടുംബ സംഗമം ശ്രദ്ധേയമായി

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ”മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍” സംഘടിപ്പിച്ച കുടുംബ സംഗമം അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ ആഘോഷപൂര്‍ണ്ണമായി നടന്നു.

പതിനഞ്ച് വര്‍ഷത്തോളമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന ആഗോള എന്‍ജിഒ ആയ മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സിന്റെ ഖത്തര്‍ ചാപ്റ്റര്‍, തുമാമയിലെ ഭാരത് റെസ്റ്റോറന്റില്‍ വെച്ചാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്.

ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മൈന്റ് ട്യൂണ്‍ ഗ്ലോബല്‍ സിക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട് മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിര്‍വഹിച്ചു.

ജാഫര്‍ മൂര്‍ച്ചാണ്ടി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഷമീര്‍ പി.എച്ച്, ഉസ്മാന്‍ കല്ലന്‍, ശ്യാം മോഹന്‍, അമീന്‍ ആസിഫ്, രാജേഷ് വി.സി, മുനീര്‍ എം.കെ, ഫാസില മഷ്ഹൂദ്, റസിയ ഉസ്മാന്‍, സി.പി.അബ്ദുല്‍ജലില്‍, വാസു വാണിമേല്‍, ബബിത തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

പരിപാടിയുടെ ഭാഗമായി, മൈന്‍ഡ് ട്യൂണ്‍ അംഗവും കുങ്ഫു ബ്ലാക്ക് ബെല്‍റ്റ് ജേതാക്കളുമായ സയീദ് സല്‍മാനും അദ്ദേഹത്തിന്റെ ഭാര്യ ആയിഷ ഷഹീനയും നേതൃത്വം നല്‍കിയ ഫിസിക്കല്‍ യോഗ പരിശീലനം ശ്രദ്ധേയമായി. ശരീര-മനസ്സ് ഐക്യം ലക്ഷ്യമാക്കിയ പരിശീലനം, പരിപാടിക്ക് പുതുമയും ഊര്‍ജവും നല്‍കി. കൂടാതെ കലാപരിപാടികളും മല്‍സരങ്ങളും നടന്നു.

സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്ന ഇത്തരം കുടുംബ സംഗമങ്ങള്‍ സമൂഹത്തിന്റെ ശക്തിപ്പെടുത്തലിന് നിര്‍ണായകമാണെന്ന സന്ദേശത്തോടെയാണ് പരിപാടി സമാപിച്ചത്.