Local News

ഇ- മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മുന്നേറ്റവുമായി നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍

ദോഹ : നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍, സീഷോര്‍ റീസൈക്ലിംഗ് എന്നിവരുമായി സഹകരിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇ-മാലിന്യ ശേഖരണ ക്യാമ്പയിന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു. സ്‌കൂളിന്റെ വാര്‍ഷിക ആഘോഷ പ്രമേയമായ ദ റസിലിയന്റ് എര്‍ത് എന്ന ആശയത്തിന്റെ തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്. സുസ്ഥിരവികസനവും പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉത്തരവാദിത്വവും വളര്‍ത്തുന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ദില്‍ബ മിദ്ലാജ് (ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ ), സാറ ഖാന്‍ ( സീഷോര്‍ റീസൈക്ലിങ് ) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഇ-മാലിന്യങ്ങള്‍ ശരിയായി നിര്‍മാര്‍ജ്ജനം ചെയ്യാത്തതിലൂടെ ഉണ്ടാകുന്ന പരിസ്ഥതി പ്രശ്‌നങ്ങള്‍ അവര്‍ വിശദീകരിക്കുകയും ഉത്തരവാദിത്വപരമായ റീസൈക്ലിങിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. യോഗത്തെ അഭിസംബോധന ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുല്‍ റഷീദ് , വിദ്യാര്‍ഥികള്‍ പരിസ്ഥിതിയുടെ സംരക്ഷകരായി മാറണമെന്ന് ആഹ്വാനം ചെയ്തു. വിദ്യാലയത്തിലും വീടുകളിലും പൊതു ഇടങ്ങളിലും നല്ല ശീലങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചു.

ക്യാമ്പയിന്‍ കാലയളവില്‍ ഉപയോഗശൂന്യമായതും പ്രവര്‍ത്തനരഹിതവുമായ മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ഇയര്‍ഫോണുകള്‍,കേബിളുകള്‍,കീബോര്‍ഡുകള്‍, തുടങ്ങിയ ചെറു ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ശേഖരിക്കും. ശേഖരിക്കുന്ന മുഴുവന്‍ ഇ-മാലിന്യങ്ങളും അംഗീകൃത റീസൈക്ലിങ് ഏജന്‍സികള്‍ക്ക് കൈമാറി പരിസ്ഥിതി സൗഹാര്‍ദ്ദമായി നിര്‍മാര്‍ജ്ജനം ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.