Local News

വര്‍ക്കേഴ്സ് ഫുട്‌ബോള്‍ കപ്പ് 2026ല്‍ ഇന്ത്യന്‍ ടീമിന് വിജയത്തുടക്കം

ദോഹ. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഐസിബിഎഫ് ഔദ്യോഗിക ഫുട്‌ബോള്‍ ടീം, വര്‍ക്കേര്‍സ് ഫുട്‌ബോള്‍ കപ്പ് 2026ല്‍ ബംഗ്ലാദേശിനെതിരെ അല്‍ അറബി ക്‌ളബ്ബില്‍ നടന്ന മത്സരത്തില്‍ ആധികാരിക വിജയം നേടി അവരുടെ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം കുറിച്ചു.
തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള വര്‍ക്കേര്‍സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷ്യൂറന്‍സ് ഫണ്ട് സംഘടിപ്പിച്ച ഈ ടൂര്‍ണമെന്റ് ഫെബ്രുവരി 10-ന് ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ചാണ് ആരംഭിച്ചത്. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, സോമാലിയ, മൊറോക്കോ, സെനഗല്‍, കെനിയ, മൗറിറ്റാനിയ, ഐവറി കോസ്റ്റ്, നൈജീരിയ, ഘാന എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളും പ്രമുഖ പ്രാദേശിക ക്ലബ്ബുകളും പങ്കെടുക്കുന്ന ശക്തമായ മത്സരമാണ്. കൂടാതെ മൊവാസലത്, വസീഫ് , മിലാഹ എന്നീ മൂന്ന് ടീമുകളും മത്സരിക്കുന്നു.
ആവേശ ഭരിതമായ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യ മികച്ച കഴിവും ഏകോപനവും പ്രകടിപ്പിച്ചു. ഷേം മാര്‍ട്ടണ്‍, തൗഫീഖ്. മുജമ്മില്‍ എന്നീ കളിക്കാരുടെ മൂന്ന് ഗോളുകളാണ് ടീമിന് നിര്‍ണായക വിജയം സമ്മാനിച്ചത്.
ലോക തൊഴിലാളി സമൂഹത്തിന്റെ ഐക്യവും കായിക ക്ഷമതയും ആഘോഷിക്കുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഈ വിജയം ശക്തമായ തുടക്കം കുറിക്കുന്നു.
ടൂര്‍ണമെന്റിന് മുന്നോടിയായി ഔദ്യോഗിക ടീം ജേഴ്‌സി മിസൈമീര്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബില്‍ വെച്ച് പുറത്തിറക്കി.