Breaking News

ഖത്തറില്‍ എല്ലാ എന്‍ട്രി വിസകളും ഫെബ്രുവരി 28 മുതല്‍ ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കുന്നതായി ആഭ്യന്തര മന്ത്രാലയം

ദോഹ. കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ഉടന്‍ അവസാനിക്കാറായതോ ആയ എല്ലാ വിഭാഗത്തിലുള്ള എന്‍ട്രി വിസകളും, 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇത് ഇനിയും നീട്ടി നല്‍കിയേക്കാം.
വിസ നീട്ടി നല്‍കുന്ന നടപടികള്‍ അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ഓട്ടോമാറ്റിക്കായി നടപ്പിലാക്കുന്നതാണ്. ഇതിനായി പ്രത്യേക ഫീസുകള്‍ നല്‍കേണ്ടതില്ലെന്നും, ബന്ധപ്പെട്ട വകുപ്പുകള്‍ സന്ദര്‍ശിക്കുകയോ അപേക്ഷകള്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രാലയം സ്ഥിരീകരിക്കുന്നു.
2026 ഫെബ്രുവരി 28-ന് മുന്‍പ് വിസ നിയമങ്ങള്‍ ലംഘിച്ചവര്‍ (Overstay), ആദ്യം ആ കാലയളവിലെ പിഴകള്‍ അടച്ചു തീര്‍ക്കേണ്ടതാണ്. അതിനുശേഷം മാത്രമേ മേല്‍പ്പറഞ്ഞ തീയതി മുതലുള്ള സൗജന്യ വിസാ കാലാവധി നീട്ടല്‍ ഇവര്‍ക്കും ബാധകമാകൂ.
സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും താമസക്കാരുടെയും സന്ദര്‍ശകരുടെയും നിയമപരമായ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഉറപ്പുനല്‍കുന്നു.

കൂടാതെ, പൊതുജന സുരക്ഷ മുന്‍നിര്‍ത്തി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു:

വീടിനുള്ളില്‍ തന്നെ തുടരുക.
അങ്ങേയറ്റം അനിവാര്യമായ കാര്യങ്ങള്‍ക്കല്ലാതെ യാത്രകള്‍ ഒഴിവാക്കുക.
ജനലുകളില്‍ നിന്നും തുറസ്സായ സ്ഥലങ്ങളില്‍ നിന്നും മാറി നില്‍ക്കുക.
ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
പുതിയ അപ്‌ഡേറ്റുകള്‍ക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരുക.