Local News

ജി.ആര്‍.സി.സി. ഈദ് ദിനത്തില്‍ സംഘടിപ്പിച്ച ഫാം ഹൗസ് യാത്ര വേറിട്ടൊരു അനുഭവമായി

ദോഹ. ഖത്തറിലെ നിലവിലെ സാഹചര്യങ്ങള്‍ക്കിടയിലും, സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തി ജി.ആര്‍.സി.സി. സംഘടിപ്പിച്ച ഈദ് ആഘോഷം വേറിട്ടൊരു അനുഭവമായി. പെരുന്നാളിന്റെ രണ്ടാം ദിനത്തില്‍ ഉം സലാല്‍ മുഹമ്മദിലെ ഫാമിലേക്ക് നടത്തിയ യാത്ര, അംഗങ്ങള്‍ക്കിടയിലുള്ള കെട്ടുറപ്പിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി മാറി.

പെരുന്നാളിന്റെ രണ്ടാം ദിനത്തില്‍ ഉം സലാലിലെ പ്രകൃതിരമണീയമായ ഫാമിലേക്ക് നടത്തിയ ഈ യാത്ര, പ്രതിസന്ധികളില്‍ തളരാതെ തങ്ങളുടെ അംഗങ്ങള്‍ക്കിടയിലുള്ള സ്‌നേഹബന്ധം പുതുക്കാനുള്ള ഒത്തുചേരലായിരുന്നു.

ഓണ്‍-റോഡ്, ഓഫ്-റോഡ് യാത്രകളുടെ ആവേശം നിറഞ്ഞ പാതകള്‍ താണ്ടി ഫാമിലെത്തിയ അംഗങ്ങളെ കാത്തിരുന്നത് വൈവിധ്യമാര്‍ന്ന കലാപരിപാടികളായിരുന്നു. കൈകളില്‍ വിരിയുന്ന മനോഹരമായ മെഹന്തി ഡിസൈനുകളും, താളലയങ്ങള്‍ക്കൊപ്പം ചുവടുവെച്ച സംഗീത-നൃത്ത പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. കൃഷിയിടത്തിലെ ഫിഷ് ഫാം, പൗള്‍ട്രി ഫാം, ആടുകളുടെയും മാനുകളുടെയും പുല്‍മേടുകള്‍ എന്നിവ സന്ദര്‍ശിച്ചത് പ്രകൃതിയോടിണങ്ങിയുള്ള ഒരു പുതിയ അനുഭവമാണ് നല്‍കിയത്.

ഫിഷ് ഫാം, പൗള്‍ട്രി ഫാം എന്നിവ സന്ദര്‍ശിക്കാനും, ആടുകളെയും മാനുകളെയും അടുത്തു കാണാനുമുള്ള അവസരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഹൃദ്യമായ അനുഭവമായി മാറി.
ദോഹയിലെ തിരക്കുകളില്‍ നിന്നും നിലവിലെ ആശങ്കകളില്‍ നിന്നും മാറി, പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും സൗഹൃദം പങ്കുവെച്ചും ചെലവഴിച്ച ഈ നിമിഷങ്ങള്‍ ജി.ആര്‍.സി.സി.യുടെ ചരിത്രത്തിലെ സുപ്രധാന ഏടായി മാറി. ഏത് സാഹചര്യത്തിലും തങ്ങളുടെ അംഗങ്ങള്‍ക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു ഈ സമാഗമം.

ജി.ആര്‍.സി.സി. പ്രസിഡന്റെ രോഷ്‌നി കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. അജിത ശ്രീവത്സന്‍ ആയിഷ സെബൂള്‍, ഷെഫിന്‍ ഷംസുദ്ദീന്‍, സുബൈര്‍ പാണ്ഡവത്ത്, പ്രസാദ്, സുബീര്‍, ശ്രീ പ്രണവ്, രഞ്ജിത്ത് ചെമ്മാട് എന്നിവര്‍ ഏകോപിപ്പിച്ചു.