Breaking News

ഖത്തറും, ഉക്രെയ്‌നും പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവച്ചു

ഖത്തര്‍ പ്രതിരോധ മന്ത്രാലയവും ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയവും തമ്മില്‍ പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവച്ചു.

സാങ്കേതിക മേഖലകളിലെ സഹകരണം, സംയുക്ത പദ്ധതികളുടെ വികസനം, പ്രതിരോധ നിക്ഷേപങ്ങള്‍, മിസൈലുകളും ആളില്ലാ വ്യോമ സംവിധാനങ്ങളും നേരിടുന്നതില്‍ വൈദഗ്ധ്യം കൈമാറ്റം എന്നിവ കരാറില്‍ ഉള്‍പ്പെടുന്നു.
ഖത്തര്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) ജാസിം ബിന്‍ മുഹമ്മദ് അല്‍-മന്നായിയും, ഉക്രേനിയന്‍ ഭാഗത്ത് നിന്ന് ഉക്രെയ്ന്‍ സായുധ സേനാ മേധാവി ആയ ലെഫ്റ്റനന്റ് ജനറല്‍ ആന്‍ഡ്രി ഹ്നാറ്റോവും ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയും ഉക്രെയ്ന്‍ ദേശീയ സുരക്ഷാ, പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറിയും പങ്കെടുത്ത ചടങ്ങിലാണ് കരാറില്‍ ഒപ്പുവച്ചത്.

ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹസ്സന്‍ അല്‍-താനി, ഖത്തര്‍ സന്ദര്‍ശിക്കുന്ന ഉക്രെയ്ന്‍ ദേശീയ സുരക്ഷാ, പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി റുസ്തം ഉമെറോവ്, ഉക്രെയ്ന്‍ സായുധ സേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ആന്‍ഡ്രി ഹ്നാറ്റോവ് എന്നിവരുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറില്‍ ഒപ്പിട്ടത്.