IM Special

ഡോ. റഷീദ് പട്ടത്ത്: സഹൃദയനായൊരു ഡോക്ടര്‍


ഡോ.അമാനുല്ല വടക്കാങ്ങര

ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. റഷീദ് പട്ടത്ത്, സഹൃദയനായൊരു ഡോക്ടറാണ്. പ്രൊഫഷണല്‍ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതോടൊപ്പം
മലയാള സാഹിത്യത്തെയും സിനിമയെയും സിനിമാഗാനങ്ങളെയും ഏറെ സ്‌നേഹിക്കുന്ന അദ്ദേഹം ഖത്തറിന്റെ കലാസാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയാണ് മുന്നോട്ടുപോകുന്നത്.

ആതുര സേവനത്തോടൊപ്പം കാര്‍ഡിയാക് അറസ്റ്റ് പോലുളള സന്ദര്‍ഭങ്ങളില്‍ നല്‍കേണ്ട അടിയന്തര പ്രഥമ ശുശ്രൂഷയായ സിപിആറിനെക്കുറിച്ച് അദ്ദേഹം നിരന്തരം ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നു. എണ്ണായിരത്തി അഞ്ഞൂറിലധികം പേരെയെങ്കിലും സിപിആറിനെക്കുറിച്ച് അദ്ദേഹം ബോധവല്‍ക്കരിച്ചിട്ടുണ്ടെന്നറിയുമ്പോള്‍ ആ ദൗത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകും. കാര്‍ഡിയാക് അറസ്റ്റ് പോലുളള സന്ദര്‍ഭങ്ങളില്‍ ആദ്യ നിമിഷങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ ഹെല്‍ത്ത് ക്രോണിക്കിളിലിലേക്ക് ഒരു ലേഖനം ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം എഴുതിയിയത് സിപിആറിനെക്കുറിച്ച് തന്നെയായിരുന്നു.
കഴിഞ്ഞ ദിവസം ഹാര്‍ട്ട് ഹോസ്പിറ്റലിലെത്തി ദ ഹെല്‍ത്ത് ക്രോണിക്കിളിലിന്റെ കോപ്പി സമ്മാനിക്കാനായതില്‍ ഏറെ സന്തോഷം. തിരക്കിനിടയിലും ദ ഹെല്‍ത്ത് ക്രോണിക്കിള്‍ സ്വീകരിക്കാനും ഹാര്‍ട്ട് ഹോസ്പിറ്റലിലെ വിവിധ സൗകര്യങ്ങള്‍ പരിചയപ്പെടുത്താനും അദ്ദേഹം സമയം കണ്ടെത്തിയത് നന്ദിയോടെ ഓര്‍ക്കുന്നു.

ഗ്രാമഫോണ്‍ ഖത്തറിന്റെ ബാനറില്‍ വര്‍ഷം തോറും അദ്ദേഹം സംഘടിപ്പിക്കാറുള്ള സ്മരണാഞ്ജലി ഏറെ സവിശേഷമായ ഒരു സംഗീത വിരുന്നാണ് . വിദഗ്ധനായ ഒരു ഡോക്ടര്‍ എന്നതോടൊപ്പം തന്നെ കലയും സാഹിത്യവും സംഗീതവും ചരിത്രവും പാട്ടുകളുമെല്ലാം തനിക്ക് നന്നായി വഴങ്ങുമെന്ന് ബോധ്യപ്പടുത്തുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നു സ്മരണാഞ്ജലി ഖത്തര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.