Local News

ലോക പുസ്തകദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി അയ്യൂബ് ഡെല്‍മയുടെ കുറിപ്പ്

കഴിഞ്ഞ ആഴ്ചയില്‍ ഷാര്‍ജ ഡെല്‍മ ആയുര്‍വേദിക് സെന്ററിലെ അയ്യൂബ് ഡല്‍മ പങ്കുവെച്ച കുറിപ്പാണ് ഇന്നലെ ലോക പുസ്തക ദിനത്തില്‍ പുസ്തകങ്ങളുടെ സ്വാധീനമടയാളപ്പെടുത്തി നിരവധി പേര്‍ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ

വിജയമന്ത്രങ്ങള്‍ -അക്ഷരം കൊണ്ട് തീര്‍ത്ത ഔഷധം

അയ്യൂബ് ഡെല്‍മ

ഇടക്കാലത്ത് നഷ്ടപ്പെട്ടുപോയ വായനാശീലത്തിന് വീണ്ടും ജീവന്‍ പകര്‍ന്നൊരു സാന്നിധ്യമാണ് വിജയമന്ത്രങ്ങള്‍ എന്ന പുസ്തകം.

പുസ്തകരചയിതാവും ഭാഷാപണ്ഡിതനുമായ ഡോ.അമാനുല്ല വടക്കാങ്ങര ഒരുക്കിയ വിജയമന്ത്രങ്ങള്‍ എന്ന പുസ്തകത്തിലെ ഓരോ വരിയും മനസ്സിന്റെ അടിത്തട്ടില്‍ സ്പര്‍ശിച്ചു പോകുന്ന അപൂര്‍വ അനുഭവമാണ് സമ്മാനിക്കുന്നത്.

ഫാര്‍മസിയില്‍ മരുന്ന് വാങ്ങാനെത്തിയ ഒരു രോഗി, മേശപ്പുറത്ത് കിടന്നിരുന്ന ഈ പുസ്തകം കൗതുകത്തോടെ എടുത്ത് മറിച്ച് നോക്കിയപ്പോള്‍ തന്നെ അതിലെ വരികളില്‍ ആകൃഷ്ടനാവുകയായിരുന്നു.

മരുന്നെടുക്കാന്‍ ഞാന്‍ ക്ലിനിക്കിന്റെ മുകളിലെ സ്റ്റോറില്‍ പോയി തിരിച്ച് വന്നപ്പോള്‍, നേരത്തെ കണ്ട ആ മനുഷ്യന്റെ മുഖത്തിലെ പരവശതയും ക്ഷീണവും അകലുകയും, പകരം ഒരു വെളിച്ചവും പ്രസരിപ്പും നിറഞ്ഞ മുഖഭാവം വിരിയുകയും ചെയ്തിരുന്നു – അത് എന്നെ ഏറെ അതിശയിപ്പിച്ചു.

ജീവിതത്തിന്റെ പ്രാരബ്ധതിരക്കുകളില്‍ മുങ്ങിപ്പോയ ഒരാള്‍ക്ക്, നഷ്ടപ്പെട്ട വായന അനുഭവം തിരികെ കിട്ടിയപ്പോള്‍ വേദനയില്‍ നിന്നൊരു ചെറുനേര മോചനം നല്‍കാന്‍ ആ പുസ്തകത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു വ്യക്തമായി.

ശരീര ദുര്‍ബലതയ്ക്ക് ഔഷധം തേടി എത്തിയ ഒരാള്‍ക്ക് വായന വേദനസംഹാരിയായി മാറിയ നിമിഷം…

എല്ലാ രോഗത്തിനും ചികിത്സ ശരീരത്തിനല്ല, മനസ്സിനുമാണ് വേണ്ടത് എന്ന സത്യത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചു.

”വിജയമന്ത്രങ്ങള്‍” എന്ന ഈ പുസ്തകം, മനസ്സിന്റെ മരുന്നായി പലര്‍ക്കും മാറിയിട്ടുണ്ടാവും എന്റെ അനുഭവത്തിന്റെ ആഴത്തില്‍ നിന്നുള്ള സാക്ഷ്യമായി ഇത് ഇവിടെ കുറിക്കട്ടെ:

വായനാശീലം മുറിഞ്ഞുപോയ ഒരാള്‍ പോലും, അപ്രതീക്ഷിതമായി ഈ പുസ്തകം കണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായി, ആര്‍ത്തിയോടെ വായിച്ച് അക്ഷരങ്ങളുടെ മരുന്നിലൂടെ സമാധാനം കണ്ടെത്തിയപ്പോള്‍ അത് ഒരു പുസ്തകത്തിന്റെ ശക്തിയല്ലാതെ മറ്റെന്താണ്?

ഈ ചെറിയ അനുഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്: ജീവിതത്തില്‍ ചിലപ്പോള്‍ ഏറ്റവും വലിയ പരിഹാരമരുന്ന് ഒരു ഔഷധമാകണമെന്നില്ല; ഒരു ആശ്വാസവാക്കായിരിക്കാം, ഒരു ചിന്താജനകമായ വരിയായിരിക്കാം

അതെ

മരുന്നും മന്ത്രവുമില്ലാതെ രോഗവും ആധിയും മാറ്റുന്ന അക്ഷരഭിഷഗ്വരനായ ഡോ. അമാനുല്ല സാറിന് ഹൃദയം നിറഞ്ഞ നന്ദി.