Local News

മുഹമ്മദ് അന്‍വറിന് സ്വീകരണം

ദോഹ: ജര്‍മ്മനിയില്‍ ഈ മാസം നടന്ന ദീര്‍ഘദൂര ട്രയാത്ലോണ്‍ മത്സരമായ ‘ചലഞ്ച് റോത്ത്’ വിജയകരമായി പൂര്‍ത്തിയാക്കി ഖത്തറിലേക്ക് തിരിച്ചെത്തിയ എന്‍ജിനീയര്‍ മുഹമ്മദ് അന്‍വറിന് എന്‍.എസ്.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂര്‍വവിദ്യാര്‍ഥി സംഘടനയായ അനെക്‌സ് ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

അനെക്‌സ് ഖത്തര്‍ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ മുഹമ്മദ് അന്‍വറിനെ, സംഘടനയുടെ സ്‌പോര്‍ട്‌സ് സെക്രട്ടറി ഇഫാജ് ബൊക്കെ നല്‍കിയും മെഡല്‍ അണിയിച്ചും സ്വീകരിച്ചു. 3.8 കിലോമീറ്റര്‍ നീന്തല്‍, 180 കിലോമീറ്റര്‍ സൈക്ലിംഗ്, 42.2 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടം എന്നിവ ഉള്‍പ്പെടുന്ന അത്യന്തം ദുഷ്‌കരമായ ട്രയാത്ലോണ്‍ വെല്ലുവിളി ഏകദേശം 12 മണിക്കൂറിനുള്ളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് മുഹമ്മദ് അന്‍വര്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഈ വര്‍ഷം ചലഞ്ച് റോത്ത് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഖത്തറില്‍ നിന്നുള്ള ഏക ഇന്ത്യന്‍ പ്രവാസി എന്ന വിശേഷണത്തിനും എന്‍ജിനീയര്‍ മുഹമ്മദ് അന്‍വര്‍ അര്‍ഹനായി.

കായികരംഗത്ത് ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഈ നേട്ടത്തിന് അനെക്‌സ് ഖത്തര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും, ഭാവിയിലെ മത്സരങ്ങള്‍ക്കും എല്ലാ വിജയാശംസകളും നേര്‍ക്കുകയും ചെയ്തു. ചടങ്ങില്‍ അനെക്‌സിന്റെ എന്‍ജിനീയേര്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍ എന്‍ജിനീയര്‍ സാബിത്, അനെക്‌സിന്റെ സീനിയര്‍ അംഗങ്ങളായ എന്‍ജിനീയര്‍ അഫ്‌സല്‍, സഫ്ദര്‍ എന്നിവരും പങ്കെടുത്തു.