Breaking News

ചൂതാട്ടത്തിന് അറസ്റ്റില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ തൊഴിലാളികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലൊന്നില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് ഒരു ഏഷ്യക്കാരനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.

ഒരാള്‍ ചൂതാട്ടം കളിക്കുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതോടെ ബന്ധപ്പെട്ട അധികാരികള്‍ വീഡിയോയുടെ ആധികാരികത പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍, തനിക്കെതിരായ കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു, ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ സ്വീകരിക്കാന്‍ പ്രതിയെ ജുഡീഷ്യല്‍ അധികാരികള്‍ക്ക് റഫര്‍ ചെയ്തു.

നിയമവിരുദ്ധവും സംശയാസ്പദവുമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെട്രാഷ് 2 ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.